
നീലേശ്വരം: കാസർകോട് പൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി. നീലേശ്വരം പള്ളിക്കര പാലരെകീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ തെയ്യം വെള്ളാട്ടത്തിനിടയിലാണ് സംഭവം. പൂമാരുതൻ ദൈവത്തിന്റെ വെള്ളാട്ടിനിടയിൽ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വാളും പരിചയുമേന്തിയ തെയ്യത്തിന്റെ തട്ടേറ്റ് ബോധരഹിതനായി വീണ യുവാവിനെ ആളുകൾ എടുത്തുകൊണ്ട് പോവുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പരിക്കേറ്റ നീലേശ്വരം സ്വദേശി മനു പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ്. തട്ടും വെള്ളാട്ടം എന്ന പേരിലറിയപ്പെടുന്ന തെയ്യം കെട്ടിയാടുന്നതിനിടെ കാഴ്ചക്കാരെ പോലും പരിച കൊണ്ട് തട്ടി മാറ്റും. തെയ്യത്തിൽ നിന്നും തട്ട് വാങ്ങാനും തെയ്യത്തെ ആവേശത്തിലേറ്റാനും വിശ്വാസികൾ ആർപ്പുവിളികളുമായി ചുറ്റും കൂടും. ഇങ്ങനെ നിന്നതായിരുന്നു മനുവും. തെയ്യത്തിന്റെ തട്ടേറ്റ് വീഴുകയായിരുന്നുവെന്നും എന്നാൽ മറ്റു പരുക്കുകൾ ഒന്നും ഉണ്ടായിട്ടിലെന്നും, തെയ്യം കണ്ടാണ് മടങ്ങിയതെന്നും ക്ഷേത്രം ഭാരവാഹികൾ പ്രതികരിക്കുന്നത്.
മലനാട് കാണാൻ ഏഴിമലയിൽ എത്തിയ ആര്യ രാജപുത്രിയുടെ സഹോദര സ്ഥാനീയനാണ് മല്ലനായ പൂമാരുതൻ എന്നാണ് വിശ്വാസം. വഴിനീളെ 107 അഴികടന്ന് ദുഷ്ട ശക്തികളെ നിഗ്രഹിച്ച് ഭക്തരെ രക്ഷിച്ചു എന്നാണ് വിശ്വാസം. പൂമാല ഭഗവതിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളിലാണ് പൂമാരുതൻ കെട്ടിയാടുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രാദേശിക ക്ഷേത്രങ്ങളിൽ പ്രധാനമായും പൂമാല ഭഗവതിയെ ആരാധിക്കുന്നിടത്ത് പൂമാരുതൻ കെട്ടിയാടാറുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam