
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച കിള്ളിപ്പാലം ശ്രീ നർമ്മദേശ്വര ശിവക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന കേസിലെ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. ഒഡിശ സ്വദേശിയായ മൊഗേഷ് ഗോറെ ആണ് ഫോർട്ട് പോലീസിന്റെ പിടിയിലായത്.ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കിള്ളിപ്പാലം ചെമ്പുപണിപ്പുരയ്ക്ക് സമീപമുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ അതിക്രമിച്ചു കയറിയ പ്രതി, കാണിക്കവഞ്ചി തകർത്ത് ഏകദേശം 25,000 രൂപയോളം കവരുകയായിരുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ഭാരവാഹികളുമാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ഫോർട്ട് പൊലീസിൽ പരാതി നൽകി.സംഭവസ്ഥലത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ സൂക്ഷ്മമായ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. ഫോർട്ട്, തമ്പാനൂർ, പൂജപ്പുര, തൃശൂർ ഈസ്റ്റ് സ്റ്റേഷൻ പരിധികളിലെ ആറോളം മോഷണക്കേസുകളിലും തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിലും പ്രതിയായാണ് ഇയാളെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
എസ്എച്ച്ഒ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടാൻ രംഗത്തിറങ്ങിയത്. പ്രതി സഞ്ചരിച്ച ട്രെയിൻ പിന്തുടർന്ന് കൊല്ലം ഈസ്റ്റിൽ വെച്ച് പൊലീസ് സംഘം ട്രെയിൻ വളഞ്ഞ് ഇയാളെ കീഴ്പെടുത്തി. എസ്ഐമാരായ ജഗ്മോഹൻ ദത്തൻ, കൃഷ്ണമോഹൻ, ജോസ്ബിൻ രാജ്, എസ്‌സിപിഒമാരായ റഷീദ്, ഷൈജു, ലിപിൻ രാജ്, സിപിഒ ശ്യാംകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കുടുക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam