
തൃശൂര്‍: വാടാനപ്പള്ളി തളിക്കുളം ഇടശേരിയില്‍ ഇരുനില വീട് കുത്തിത്തുറന്ന് മോഷണ ശ്രമം. എന്നാല്‍ വീട്ടില്‍ ആളില്ലാത്തതിനാല്‍ എന്തെങ്കിലും അപഹരിക്കപ്പെട്ടോയെന്ന് വ്യക്തമായിട്ടില്ല. ഇടശേരി - ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ ലിങ്ക് റോഡില്‍ പുതിയവീട്ടില്‍ ഷിഹാബിന്റെ വീട്ടിലാണ് മോഷ്ടാക്കള്‍ കടന്നത്. മുന്‍വശത്തെ വാതില്‍പ്പാളി പൊളിച്ച് കുത്തിത്തുറന്ന നിലയിലാണ്. എല്ലാ അലമാരകളും തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ടിട്ടുണ്ട്.
ഷിഹാബും കുടുംബവും ദുബായിലാണ്. ഒരു മാസം മുമ്പാണ് ഇവര്‍ നാട്ടില്‍വന്ന് പോയത്. ഇവരുടെ ബന്ധുവായ പുതിയവീട്ടില്‍ മുഹമ്മദ് ആണ് വീട്ടിൽ മോഷണം നടന്നത് ആദ്യം തിരിച്ചറിയുന്നത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നോടെ അക്വേറിയത്തിലെ മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും കൃഷികൾ നനയ്ക്കാനുമായി മുഹമ്മദ് എത്തിയപ്പോള്‍ അക്വേറിയത്തില്‍ ഒരു കമ്പിപ്പാരയും ചുറ്റികയും കണ്ടെത്തി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വീടിനു മുന്‍വശത്തെ വാതില്‍ പൊളിച്ച നിലയിലും കണ്ടെത്തിയത്.
ഇതോടെ മുഹമ്മദ് ബന്ധുവായ ഒരാളെ വിളിച്ചുവരുത്തി പരിശോധന നടത്തി. പരിശോധനയിൽ വീടിനുള്ളിലെ അലമാരകളെല്ലാം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ സി.സി.ടിവി കാമറകളും ഹാര്‍ഡ് ഡിസ്‌ക്കും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെ കമ്പിപ്പാരയും ചുറ്റികയുമാണ് മോഷ്ടാക്കള്‍ വാതിലും അലമാരയും കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ചത്. ഉപയോഗ ശേഷം ഇവ അക്വേറിയത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഷിഹാബും കുടുംബവും ഉടനെ നാട്ടിലെത്തും. അതിനുശേഷമേ മോഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങൾ അറിയാനാകൂ.
Read More : 'കുട്ടി കസ്റ്റഡിയിലാണ്, പണം വേണം', അജ്ഞാത നമ്പറിൽ നിന്ന് ഓഡിയോ; അര ലക്ഷം നൽകി, പക്ഷേ എല്ലാം 'എഐ' തട്ടിപ്പ് !
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam