
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി പ്രദേശങ്ങൾ വാഹന മോഷ്ടാക്കളുടെ താവളമാകുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമില്ലെന്നാണ് ആക്ഷേപം. മെഡിക്കൽ കോളേജ് പരിസരത്ത് പാർക്കിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിന്നാണ് വാഹന മോഷണം പതിവായിരിക്കുന്നത്. വാഹന നിയന്ത്രണത്തിന് സെക്യൂരിറ്റി ജീവനക്കാർ ഇവിടങ്ങളിൽ നിൽക്കവേയാണ് കവർച്ചകൾ നടക്കുന്നതെന്നതും വസ്തുതയാണ്.
അടുത്തിടെ ജീവനക്കാരുടെ വാഹനം ലക്ഷ്യമിട്ടാണ് കവർച്ച വ്യാപകമായിരിക്കുന്നത്. കഴിഞ്ഞ നവംബർ മുതൽ ഇന്നലെ വരെ നാല് ഗ്രേഡ് ടു ജീവനക്കാരുടെ വാഹനങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പുതിയ അത്യാഹിത വിഭാഗത്തിനടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് ഇവയെന്നും പറയുന്നു. ഇതു സംബന്ധിച്ച് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടികളുണ്ടാകുന്നില്ലായെന്നാണ് ആക്ഷേപം.
എന്നാൽ കവർച്ചകളധികവും ആസൂത്രിതമെന്നാണ് പറയുന്നത്. മിക്ക ഗ്രേഡ് ടു ജീവനക്കാരും ജോലിയിൽ കയറിക്കഴിഞ്ഞാൽ ഡ്യൂട്ടി കഴിഞ്ഞേ പുറത്തിറങ്ങുകയുള്ളൂ. ഇത് മനസ്സിലാക്കിയാണ് കവർച്ച സംഘങ്ങൾ പ്രവർത്തിക്കുന്നത്. യൂണിഫോം ധരിച്ച് ജീവനക്കാർ എത്തുന്നതുകൊണ്ട് തിരിച്ചറിയുന്നതിനും തടസ്സമില്ലായെന്നതാണ്. അതേസമയം ജീവനക്കാരുടെ വാഹനങ്ങൾ ലക്ഷ്യമിടുന്നതിൽ നിന്ന് കവർച്ച സംഘങ്ങളുടെ സജീവ സാന്നിധ്യം തന്നെ ഇവിടെയുണ്ടെന്നുള്ളതാണ് വ്യക്തമാക്കപ്പെടുന്നത്.
ജീവനക്കാർ ഡ്യൂട്ടിക്ക് കയറുന്ന സമയം കൃത്യമായി മനസ്സിലാക്കിയാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. പൊലീസിൻ്റെ ഭാഗത്തു നിന്ന് പാർക്കിംഗ് ഏരിയകളിൽ അന്വേഷണം നടത്തിയിരുന്നുവെങ്കിൽ ഇത്തരം സംഘങ്ങളെ പിടികൂടാൻ കഴിയുമായിരുന്നുവെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. മെഡിക്കൽ കോളേജ് പരിസരം കേന്ദ്രീകരിച്ച് നടക്കുന്ന വാഹന മോഷണങ്ങൾ സംബന്ധിച്ച് അനവധി പരാതികളാണ് മെഡിക്കൽ കോളേജ് പൊലീസിൽ നൽകിയിട്ടുള്ളത്.
എന്നാൽ ഇതുവരെ കൃത്യമായ അന്വേഷണം പൊലീസിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. മാത്രവുമല്ല ആശുപത്രി ഉന്നതാധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. പാർക്കിംഗ് ഏരിയകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചാൽ വാഹന മോഷണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനും കഴിയും. എന്നാൽ മോഷണങ്ങൾ നിത്യസംഭവമായിട്ടും സി സി ടി വി ക്യാമറകൾ സ്ഥാപിക്കാൻ ആശുപത്രി അധികൃതരും തയ്യാറാകുന്നില്ലായെന്നും ആരോപണം ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam