
തിരുവനന്തപുരം: കരമനയാറ്റിൽ നിന്നും ഇന്നും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. രാവിലെ പതിനൊന്നോടെ നാട്ടുകാരാണ് കമഴ്ന്ന് കിടക്കുന്ന രീതിയിലുള്ള പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്. 11 മണിയോടെ പൊലീസിൽ വിവരമറിയിച്ചതോടെ പൊലീസും ഫയർഫോഴ്സും ചേർന്ന് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു.
തിരുവനന്തപുരം ഫയർഫോഴ്സിൽ നിന്നും സ്കൂബാ ഡൈവിങ് സംഘമെത്തിയാണ് കരയിലേക്കെത്തിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ ബാലരാമപുരം മംഗലാത്തുകോണം സ്വദേശി ജയകുമാർ (36) എന്നയാളാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൂന്ന് ദിവസങ്ങളായി ഇദ്ദേഹത്തെ കാണാതായിട്ട്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് കരമന- ആഴങ്കൽ ഭാഗത്ത് അക്ഷയ ഗാർഡൻസിന് സമീപം മൃതദേഹം കാണപ്പെട്ടത്. ഇവിടെ ഒരു മരം മറിഞ്ഞ് വെള്ളത്തിലേക്ക് വീണിരിക്കുന്നതിനാൽ ആണ് മൃതദേഹങ്ങൾ അടിയുന്നതെന്ന് ഫയർഫോഴ്സ് അറിയിച്ചു.
നിലവിൽ തലസ്ഥാനത്ത് ശക്തമായ മഴയായതിനാൽ നദിയിൽ ജലനിരപ്പും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയും ഇന്നലെയും സമാനമായ രീതിയിൽ മരക്കമ്പുകൾക്കിടയിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഒരാഴ്ചക്കിടെ ഇതേസ്ഥലത്ത് കാണപ്പെടുന്ന മൂന്നാമത്തെ മൃതദേഹമാണെന്നതിനാൽ പൊലീസ് അന്വേഷണം തുടങ്ങി. ഇതിൽ രണ്ട് പേരെ തിരിച്ചറിഞ്ഞു.
ഫയർഫോഴ്സ് സ്കൂബാ ടീം ഡിങ്കി ബോട്ട് പരിശോധിക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതാണ് വ്യാഴാഴ്ച കണ്ടെത്തിയ മൃതദേഹം. മറ്റുള്ളത് സമീപവാസികളാണ് കണ്ടത്. ഇന്നലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. വിവിധ സ്ഥലങ്ങളിൽ ചാടിയവരാകാം മരിച്ച നിലയിൽ കാണപ്പെടുന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എല്ലാ ബോഡികളും ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തുന്നുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിലെല്ലാം ആത്മഹത്യയുടെ സൂചനയാണെന്നും വിശദമായി അന്വേഷിക്കുന്നുണ്ടെന്നും കരമന പൊലീസ് അറിയിച്ചു.