
ഇടുക്കി: ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ. വാഴത്തോപ്പ് നെല്ലിപ്പുഴയിൽ ജോണി (57) യാണ് കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ മൂന്നാമത്തെ കർഷകനാണ് ഇടുക്കിയിൽ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച്ച കൃഷിയിടത്തിൽ വിഷം ഉള്ളിൽ ചെന്ന നിലയിലാണ് ജോണിയെ കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാലവർഷക്കെടുതിയിൽ വൻതോതിൽ കൃഷി നാശം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ ചില മാസങ്ങളായി ജോണി ഏറെ അസ്വസ്ഥനായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം പലിശയ്ക്കെടുത്ത ജോണി, സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരുന്നത്. ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ കൃഷി നശിച്ചു. ബാക്കിയായ കൃഷിയിടത്തില്‍ കാട്ടുപന്നിയിറങ്ങി. മുക്കാല്‍ പങ്ക് കൃഷി നശിച്ചതും ബാക്കി കിട്ടിയ വിളവിന് വില ലഭിക്കാതിരുന്നതും ഇയാളെ ഏറെ മാനസിക സംഘര്‍ഷത്തിലാക്കിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. കൃഷി നാശം ഉണ്ടായതോടെ പണയത്തിൽ വച്ച സ്വർണ്ണം ഉൾപ്പെടെ തിരിച്ചെടുക്കാനാവാത്ത പ്രതിസന്ധിയിലായതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരി ആദ്യവാരത്തിൽ തോപ്രാംകുടി നിവാസി താന്നിനിക്കാട്ടകാലായിൽ സന്തോഷ് എന്ന യുവകർഷകനും, രണ്ടാഴ്ച്ച മുമ്പ് മകന്റെ കടബാധ്യതയിൽ മനംനൊന്ത് പെരിഞ്ചാൻകുട്ടിയിലെ കുടിയേറ്റ കർഷകൻ സഹദേവനും ആത്മഹത്യ ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam