
ഏതൊരു മനുഷ്യനും അതിവൈകാരികതയിൽ നിര്‍വികാരനാകും. അങ്ങനെ മനം മരവിപ്പിക്കുന്ന ഒരുപിടി കാഴ്ചകളും വാര്‍ത്തകളുമാണ് കഴിഞ്ഞ നാലഞ്ച് ദിവസമായി കേരളം കാണുന്നതും കേൾക്കുന്നതും. വയനാടിലെ മുണ്ടക്കൈ ദുരന്തം ആ നാടിനപ്പുറം എങ്ങും വലിയ മാനസിക ആഘാതമാണ് ഉണ്ടാക്കിയത്. മരണത്തിന്റെ താഴ്വരയായി മാറിയ മുണ്ടക്കൈയിൽ നിന്ന് അൽപമെങ്കിലും ആശ്വാസമായി എത്തിയത് അവിടെ രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചുപിടിച്ച ജീവനുകളെ കുറിച്ചുള്ള വാര്‍ത്തകളാണ്.
മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ഉണ്ടായതുമുതൽ നിരവധി ജീവനുകൾ കോരിയെടുത്ത് രക്ഷപ്പെടുത്തിയവരിൽ ഫയര്‍ഫോഴ്സും എൻഡിആര്‍എഫും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും പിന്നെ ഇന്ത്യൻ കര-നാവിക-വായു സേനകൾ വരെ ഉണ്ടായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ഏറ്റവും നിര്‍ണായകമായ ബെയ്ലി പാലം നിര്‍മിച്ചതടക്കം ഇന്ത്യൻ ആര്‍മിയാണ് പിന്നീടുള്ള രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയത്. കുടുങ്ങിക്കിടന്നവരെ രക്ഷിച്ചതും അവരെ സുരക്ഷിതമായി ദുരന്തമുഖത്തുനിന്ന് മാറ്റിയതും വരെ ഇന്ത്യൻ ആര്‍മിയുടെ സേവനം വാക്കുകളിൽ വിവരിക്കാനാവുന്നതല്ലായിരുന്നു.
ഇപ്പോഴിതാ... ഇന്ത്യൻ ആര്‍മിയുടെ ഈ പ്രവര്‍ത്തനങ്ങൾ ടെലിവിഷനിലൂടെ കണ്ട് മനസിലാക്കിയ ഒരു മൂന്നാം ക്ലാസുകാരൻ കരസേനയ്ക്ക് ഒരു കത്തെഴുതിയിരിക്കുകയാണ്. ഇന്ത്യൻ ആര്‍മിയുടെ സതേൺ കമാന്റിന്റെ ട്വിറ്റര്‍ പേജാണ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 'പ്രിയപ്പെട്ട ആര്‍മി, ഞാൻ റയാൻ വയനാട്ടിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടുപോയ കുറേ മനുഷ്യരെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങൾ ബിസ്ക്കറ്റും വെള്ളവും മാത്രം കഴിച്ച് പാലം നിര്‍മ്മിക്കുന്നത് വീഡിയോയിൽ കാണുമ്പോൾ അഭിമാനമായി. ഞാനും വലുതായിട്ട് ആര്‍മിയായി നാടിനെ രക്ഷിക്കും. എന്ന് റയാൻ. ക്ലാസ് -3 എഎംഎൽപിഎസ് വെള്ളോയിക്കോഡ്- എന്നതാണ് പൂര്‍ണരൂപം. ഈ കത്തിന്റെ ഇംഗ്ലീഷ് ട്രാൻസിലേഷൻ സഹിതമാണ് ഇന്ത്യൻ ആര്‍മി കത്ത് പങ്കുവച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam