തിരുവല്ലം എസ്ഐയ്ക്കെതിരെ വീണ്ടും പരാതി; ഓട്ടോ ഡ്രൈവറുടെ കരണത്തടിച്ചു, ജാതിപേര് വിളിച്ചു

Published : May 30, 2019, 10:55 PM IST
തിരുവല്ലം എസ്ഐയ്ക്കെതിരെ വീണ്ടും പരാതി; ഓട്ടോ ഡ്രൈവറുടെ കരണത്തടിച്ചു, ജാതിപേര് വിളിച്ചു

Synopsis

താൻ പൊതു പ്രവർത്തകനാണെന്നും വാഴമുട്ടം സർക്കാർ സ്‌കൂളിലെ പി ടി എ വൈസ് പ്രസിഡന്‍റ്  ആണെന്നും പറഞ്ഞപ്പോൾ  നീ പൊലീസിനെ വാഹനപരിശോധനയ്ക്കിടെ ഇടിച്ചു കൊല്ലാൻ ശ്രമിച്ചെന്ന് കാട്ടി കേസെടുക്കുമെന്നും ജയിലിൽ അടയ്ക്കുമെന്നും എസ്ഐ രജീന്ദ്രനോട് പറഞ്ഞു. 

തിരുവനന്തപുരം: തിരുവല്ലം എസ്ഐക്കും സംഘത്തിനുമെതിരെ വീണ്ടും പരാതി. വാഹനപരിശോധനയ്ക്കിടെ ഓട്ടോ തടഞ്ഞ് നിറുത്തി ഡ്രൈവറെ പൊതുജന മധ്യത്തിൽ കരണതടിക്കുകയും ജാതിപേര് വിളിച്ച് അവഹേളിക്കുകയും ചെയ്തതായി പരാതി. ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ലാത്തി കൊണ്ട് വയറിൽ കുത്തുകയും മർദിക്കുകയും ചെയ്തതായി പരാതി. 

കമീഷണർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. മേയ് 13ന് രാത്രി 7 മണിക്കാണ് സംഭവം. കോവളം വെള്ളാർ സ്വദേശി രജീന്ദ്രൻ (ബിജു 49) ആണ് പൊലീസിന്‍റെ മർദനത്തിൽ പരിക്കേറ്റത്. കോവളം പൊലീസ് പരിധിയിലെ അണ്ടർപാസ് ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്ന സംഘം ഓട്ടോ റിക്ഷയിൽ വരികയായിരുന്ന രജീന്ദ്രനെ കൈ കാണിച്ചു. വാഹനം റോഡ് വശത്തെക്ക് ഒതുക്കി നിറുത്തി രജീന്ദ്രൻ പൊലീസ് സംഘത്തിന് അടുത്തേക്ക് പോയി.

മദ്യപിച്ചിട്ടുണ്ടോയെന്ന് പൊലീസ് ചോദിച്ചപ്പോൾ രജീന്ദ്രൻ ഇല്ലെന്ന് മറുപടി പറഞ്ഞു. ഊതാൻ ആവശ്യപ്പെട്ടപ്പോൾ രജീന്ദ്രൻ ഊതിയെങ്കിലും വീണ്ടും ശക്തിയിൽ ഊതാൻ ആവശ്യപ്പെട്ടു. മദ്യപിച്ചിട്ടില്ലെന്ന് മനസിലായപ്പോൾ നിന്‍റെ  വണ്ടിക്ക് ബ്രെക്ക് ഇല്ലേന്ന് ചോദിച്ച് അസഭ്യം പറയുകയായിരുന്നെന്ന് രജീന്ദ്രൻ പറഞ്ഞു. അസഭ്യം പറയുന്നത് ചോദ്യം ചെയ്ത രജീന്ദ്രനെ വാഹനപരിശോധന സംഘത്തിലെ എഎസ്ഐ രാജേന്ദ്രൻ, രജീന്ദ്രന്‍റെ കരണത്തടിക്കുകയായിരുന്നു.  താൻ ഏത് സമുദായകാരൻ ആണെന്ന് എഎസ്ഐ ചോദിച്ചെന്നും ഹരിജൻ ആണെന്ന് പറഞ്ഞപ്പോൾ നീയൊക്കെ തലപൊക്കി തുടങ്ങിയോയെന്ന് ചോദിച്ച് വീണ്ടും അസഭ്യം വിളിച്ചു എന്ന് രജീന്ദ്രൻ പറഞ്ഞു. 

ഇതിനിടെ സ്ഥലത്തെത്തിയ തിരുവല്ലം എസ്ഐ വിമൽകുമാർ രജീന്ദ്രനെ ജീപ്പിൽ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. താൻ പൊതു പ്രവർത്തകനാണെന്നും വാഴമുട്ടം സർക്കാർ സ്‌കൂളിലെ പി ടി എ വൈസ് പ്രസിഡന്‍റ്  ആണെന്നും പറഞ്ഞപ്പോൾ  നീ പൊലീസിനെ വാഹനപരിശോധനയ്ക്കിടെ ഇടിച്ചു കൊല്ലാൻ ശ്രമിച്ചെന്ന് കാട്ടി കേസെടുക്കുമെന്നും ജയിലിൽ അടയ്ക്കുമെന്നും എസ്ഐ രജീന്ദ്രനോട് പറഞ്ഞു. 

വഴിയിൽ വെച്ച് ജീപ്പിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥനോട് എഎസ്ഐയെ വണ്ടി ഇടിച്ചു കൊല്ലാൻ ശ്രമിച്ച ആളാണ് രജീന്ദ്രൻ എന്ന് എസ്ഐ പറഞ്ഞതായും തുടര്‍ന്ന് ആ പൊലീസ് ഉദ്യോഗസ്ഥൻ വയറ്റിൽ ലാത്തി കൊണ്ട് കുത്തിയെന്നും രജീന്ദ്രൻ പറയുന്നു. സ്റ്റേഷനിലെത്തിച്ച രജീന്ദ്രനെ വീണ്ടും പൊലീസ് ഉദ്യോഗസ്ഥർ കരണത്തടിച്ചു. 

മർദനം സംബന്ധിച്ച് പരാതി നൽകിയാൽ വീട്ടിൽ കയറി മർദിക്കുമെന്നും കേസെടുത്ത് ജയിലിൽ ആക്കുമെന്നും എസ്.ഐ വിമൽ പറഞ്ഞതായി രജീന്ദ്രൻ പറയുന്നു. തുടര്‍ന്ന് അമിതവേഗത്തിന് 500 രൂപ പെറ്റി അടിച്ച ശേഷം രജീന്ദ്രനെ വിടുകയായിരുന്നു. സംഭവം സംബന്ധിച്ച് രജീന്ദ്രൻ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കമീഷണർക്ക് പരാതി നൽകിയത് അറിഞ്ഞ് ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ എസ്ഐ ഒത്തുതീർപ്പ് ചർച്ചയ്ക്ക് അയച്ചതായി രജീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ജനറൽ ആശുപത്രി ഈഎൻടി വിഭാഗത്തിൽ ഇപ്പോൾ ചികിത്സയിലാണ് രജീന്ദ്രൻ.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എസ്ഐയെ അസഭ്യം പറഞ്ഞെന്നും കൈയ്യേറ്റം ചെയ്‌തെന്നും കേസ്: യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു
നെടുമ്പാശ്ശേരിയിൽ എയര്‍ അറേബ്യ വിമാനത്തിൽ എത്തിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്, പച്ചക്കറിക്കിടയിൽ 10 ലക്ഷത്തിന്റെ പുകയില, കടത്തിനിടെ ഡോളറും പിടിച്ചു