
തിരുവനന്തപുരം: പണമിടപാട് സമയം ആരംഭിച്ചിട്ടും കൗണ്ടർ പോലും തുറക്കാതെ തിരുവനന്തപുരം ജില്ലാ ട്രഷറി (Thiruvananthapuram district treasury). സെക്രട്ടറിയേറ്റിന് സമീപം പ്രവർത്തിക്കുന്ന ജില്ലാ ട്രഷറിയിലാണ് ഓഫീസ് സമയത്തും ഉദ്യോഗസ്ഥരെത്താത്തതിനാല്‍ ഒഴിഞ്ഞ കസേരകളോടെ തുറന്നിരിക്കുന്നത്.
ഓഫീസിലെ പണമിടപാട് സമയം 10.15 ന് ആരംഭിക്കുമെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരിൽ ഭൂരിഭാഗവും എത്തുന്നത് 10.30ന് ശേഷം. ഇടപാടിനായി 10.15 ന് ഇവിടെ എത്തുന്നവര്‍ക്ക് കാണാൻ കഴിയുന്നത് ഒഴിഞ്ഞ് കിടക്കുന്ന കസേരകളും 'ക്യാഷ് ക്ലോസ്ഡ്' എന്ന ബോർഡ് വെച്ച കൗണ്ടറുകളുമാണ്.
പെൻഷൻ ഉൾപ്പടെയുള്ള പണമിടപാടുകൾ നടക്കുന്ന സമയം കൂടെ ആയതിനാൽ വയോധികർ ഉൾപ്പടെയുള്ളവർ ഇവിടെയെത്തി ഉദ്യോഗസ്ഥരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇടപാടുകാർ 10 മണിക്ക് എത്തിയാലും പലപ്പോഴും 11 മണിയോടെയാണ് ചില ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തുന്നതെന്ന് പണ മിടപാടിനെത്തിയ ചിലര്‍ ആരോപിച്ചു. ഇന്ന് പണമിടപാട് കൗണ്ടറുകൾ തുറന്നത് 10.36 നാണ്. പണമിടപാടുകൾ നടത്താൻ രണ്ട് കൗണ്ടറുകളാണ് ജില്ലാ ട്രഷറിയിൽ ഉള്ളത്. അതിൽ ഒന്ന് പണം നൽകുന്നതിനും മറ്റൊന്ന് പണം സ്വീകരിക്കുന്നതിനും ആണ് ഉപയോഗിക്കുന്നത്. രണ്ടു കൗണ്ടറുകളിലെയും അവസ്ഥ സമാനമാണ്.
വിവിധ വകുപ്പുകളിലേക്ക് ചലാൻ അടക്കാൻ എത്തുന്നവർക്കും സമാന അവസ്ഥ തന്നെയാണ്. ചലാൻ ഒടുക്കിയാലും ഇതിന്‍റെ റിസീപ്റ്റ് ലഭിക്കണമെങ്കിൽ വീണ്ടും അരമുക്കാല്‍ മണിക്കൂറിലേറെ സമയം ഓഫീസിന് പുറത്തെ കൗണ്ടറിനു മുന്നിൽ കാത്തിരിക്കണം. ചില ജീവനക്കാർ കൃത്യമായി ജോലിക്ക് ഹാജരാകുന്നുണ്ടെങ്കിലും മറ്റ് ചിലർ ഇത് പാലിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam