തലസ്ഥാനത്തെ ജനറലാശുപത്രി - പാറ്റൂർ റോഡ് അപകടക്കെണി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, റോഡ് സേഫ്റ്റി കമ്മീഷണർ പരിശോധിക്കണം

Published : Aug 07, 2026, 07:15 PM IST
pattoor road thiruvananthapuram

Synopsis

ഈ ഭാഗത്ത് അപകടങ്ങൾ പതിവായതോടെ ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇവിടെ കാർ നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റതിന് പിന്നാലെ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു.

തിരുവനന്തപുരം: പാളയത്ത് നിന്നും എയർപോർട്ട് ഭാഗത്തേക്കുള്ള നഗരത്തിലെ പ്രധാന റോഡിൽ അപകടക്കെണിയായി മാറുകയാണ് പാറ്റൂർ ഭാഗത്തെ കൊടുംവളവ്. ഈ ഭാഗത്ത് അപകടങ്ങൾ പതിവായതോടെ ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇവിടെ കാർ നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റതിന് പിന്നാലെ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. ജനറലാശുപത്രി - പാറ്റൂർ റോഡിലെ അശാസ്ത്രീയ രൂപകൽപ്പനയും ഗതാഗത ക്രമീകരണങ്ങളിലെ അപാകതകളും കാരണം അപകടങ്ങൾ വർധിക്കുകയാണെന്ന പരാതി റോഡ് സേഫ്റ്റി കമ്മീഷണർ തലത്തിൽ അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.

ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് സ്ഥലം പരിശോധിക്കണം. കേരള റോഡ് ഫണ്ട് ബോർഡ് ജനറൽ മാനേജറും ട്രാഫിക് പോലീസ് അസി. കമ്മീഷണറും പരിശോധനയിൽ പങ്കെടുക്കണം. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റോഡ് സേഫ്റ്റി കമ്മീഷണർ യോഗം വിളിക്കണം. റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെങ്കിൽ അത് പരിഹരിക്കേണ്ട ഏജൻസികളെ കണ്ടെത്തി പരിഹാരമാർഗങ്ങൾ തേടണം. ഉദ്യോഗസ്ഥതല യോഗത്തിന്‍റെ തീരുമാനം ഒരു മാസത്തിനകം റോഡ് സുരക്ഷാ കമ്മീഷണർ കമ്മീഷനെ അറിയിക്കണം. റോഡ് ഫണ്ട് ബോർഡ് സിഇഒയും റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച മലയിൻകീഴ് സ്വദേശി പ്രശാന്ത് കുമാറിന്‍റെ വലതുകാൽ അറ്റു പോയ സംഭവത്തിൽ കേസെടുത്തോയെന്ന് വഞ്ചിയൂർ എസ്എച്ച്ഒ കമ്മീഷനെ അറിയിക്കണം. ഉണ്ടെങ്കിൽ എഫ്ഐആർ കോപ്പി ഹാജരാക്കണം. പ്രശാന്ത് കുമാറിന് നിയമസഹായം ആവശ്യമുണ്ടെങ്കിൽ ആക്കാര്യം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുടെ ശ്രദ്ധയിൽ എസ്എച്ച്ഒ കൊണ്ടു വരണം. പ്രശാന്ത് കുമാറിന്‍റെ ഇപ്പോഴത്തെ അവസ്ഥ, ചികിത്സാ വിവരങ്ങൾ തുടങ്ങിയവ അടങ്ങിയ റിപ്പോർട്ട് എസ്എച്ച്ഒ ഒരു മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. പ്രശാന്തിന് ലഭിക്കേണ്ട ഇടക്കാല ദുരിതാശ്വാസത്തിനായി നടത്തിയ ഇടപെടലുകൾ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ഒരു മാസത്തിനുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണം.റോഡ് സേഫ്റ്റി കമ്മീഷണർ, റോഡ് ഫണ്ട് ബോർഡ് സിഇഒ എന്നിവരുടെ പ്രതിനിധികളും വഞ്ചിയൂർ എസ്എച്ച്ഒയും സെപ്റ്റംബർ മൂന്നിന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്നും നിർദേശിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫോർട്ട് കൊച്ചി മിഡിൽ ബീച്ചിൽ വിനോദസഞ്ചാരികളുടെ ബാഗ് കവർന്ന കേസ്: പ്രതി പോലീസ് പിടിയിൽ
ടിപ്പറുകൾ പരിശോധിക്കാൻ മലപ്പുറം ജില്ലയിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റുകള്‍; മണ്ണെടുപ്പ് തടയും; അനധികൃത ക്വാറികള്‍ പൂട്ടിക്കും