
തിരുവനന്തപുരം: കല്യാണം വിളിച്ചില്ല എന്ന് ആരോപിച്ച് വധുവിന്‍റെ പിതാവിനെ ഓഡിറ്റോറിയത്തിൽ കയറി ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രദേശവാസിയായ ആൾ ബൈക്ക് തട്ടി വീണത്തിനു പിന്നാലെ നടന്ന സംഭവങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് വിവരം. കോട്ടുകാൽ മന്നോട്ടുകോണം സ്വദേശിനിയായ യുവതിയുടെ വിവാഹ തലേന്ന് നടന്ന റിസപ്ഷനിൽ ആണ് ആക്രമണം നടന്നത്.
വധുവിന്‍റെ സഹോദരനും ചില സുഹൃത്തുക്കളുമായി കഴിഞ്ഞ കുറച്ച് നാളുകളായി പ്രശ്നങ്ങൾ നടന്നുവരികയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഇതിനിടയിലാണ് ഇന്നലെ വിവാഹത്തിന് ക്ഷണിച്ചില്ലെങ്കിലും വധുവിന്‍റെ സഹോദരന്‍റെ സുഹൃത്തായ അഭിജിത്ത് ഓഡിറ്റോറിയത്തിൽ എത്തി വിവാഹം ക്ഷണിക്കാത്തത് എന്താണ് എന്ന് ചോദിച്ച് വധുവിന്‍റെ പിതാവിന്‍റെ കയിൽ 200 രൂപ നൽകി മടങ്ങിയത്.
ഇതിന് പിന്നാലെ ചിലർ ക്ഷണിക്കാത്ത വിവാഹത്തിന് എന്തിന് അഭിജിത്ത് എത്തി എന്ന് ചോദിക്കാൻ ബൈക്കുകളിൽ പിന്നാലെ പോകാൻ ഇറങ്ങുമ്പോൾ ഓഡിറ്റോറിയത്തിന് മുന്നിൽ വെച്ച് നടന്നു വരികയായിരുന്ന പ്രദേശവാസിയായ വൃദ്ധന്‍റെ ദേഹത്ത് ബൈക്ക് തട്ടി ഇയാൾ മറിഞ്ഞ് വീണു. വീഴ്ചയിൽ പരിക്ക് പറ്റി മൂക്കിൽ നിന്ന് ചോര ഒലിപ്പിച്ച് നിന്ന ഇദ്ദേഹത്തെ കണ്ട ഫുട്ബോൾ കളി കഴിഞ്ഞു വന്ന പ്രദേശത്തെ യുവാക്കളുടെ സംഘം ഇത് ചോദ്യം ചെയ്യാൻ ഓഡിറ്റോറിയത്തിൽ എത്തിയതോടെയാണ് സംഘർഷം നടന്നത് എന്നാണ് വിവരം.
അഭിജിത്ത് ഈ കല്യാണം നടക്കാതെ മുടക്കും എന്ന് നേരത്തെ വെല്ലുവിളിച്ചിരുന്നു എന്നും ഇതിനെ തുടർന്ന് യുവാവ് നടത്തിയ അക്രമം ആണ് ഇതെന്നും മർദ്ദനത്തിൽ പരിക്ക് പറ്റിയ വധുവിന്‍റെ പിതാവായ അനിൽകുമാർ പറഞ്ഞു. കണ്ണിനും മുഖത്തും പരിക്ക് പറ്റിയ അനിൽകുമാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഓഡിറ്റോറിയത്തിൽ നിന്ന് പുറത്ത് പോയ അഭിജിത്ത് ആണ് റോഡിലൂടെ പോയ വ്യക്തിയെ തള്ളിയിട്ടത് എന്നും തുടർന്ന് അഭിജിത്തിന്‍റെ കൂടെ വന്ന 150 ഓളം യുവാക്കളാണ് അക്രമം നടത്തിയത് എന്നും അനിൽകുമാർ പറഞ്ഞു. സംഭവത്തിൽ വിവാഹ ചടങ്ങുകൾ കഴിഞ്ഞ ശേഷം പൊലീസിൽ പരാതി നൽകുമെന്ന് അനിൽകുമാർ പറഞ്ഞു.
അക്രമണത്തിൽ സ്ത്രീകൾ ഉൾപ്പടെ 25 പേർക്ക് പരിക്കുണ്ട് എന്നാണ് അനിൽകുമാർ പറയുന്നത്. പരിക്ക് പറ്റിയവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. അനിൽകുമാർ ആശുപത്രിയിൽ നിന്ന് മടങ്ങി എത്തിയതോടെ മുൻ നിശ്ചയിച്ച പ്രകാരം വിവാഹ ചടങ്ങുകൾ ഇതേ ഓഡിറ്റോറിയത്തിൽ തന്നെ നടന്നു. സംഭവത്തിൽ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബാലരാമപുരം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന് മുൻപും ഇതേ മണ്ഡപത്തിൽ മറ്റൊരു വിവാഹത്തിന് ഇടയിലും സംഘർഷം നടന്നതായി പറയുന്നു.
രണ്ടാഴ്ച മുൻപ് ഇതേ ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങുകൾക്ക് ഇടയിൽ ഉച്ചയോടെ ഒരു സംഘം അത്രിക്രമിച്ച് കയറുകയും ഓഡിറ്റോറിയത്തിന്‍റെ ഗേറ്റ് അടച്ച് സ്ത്രീകളെയും, പ്രായമായവരെയും അസഭ്യം വിളിക്കുകയും ഇത് ചോദ്യം ചെയ്തവരെ മർദിച്ചതായും പറയുന്നു. ഇന്നലെ നടന്ന ആക്രമണം പോലെ തന്നെ അന്നും ബാലരാമപുരം പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും നിഷ്ക്രിയമായി നോക്കി നിന്നു എന്ന് ആരോപണം ഉണ്ട്. ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ മാറിയാണ് ഈ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam