
കല്‍പ്പറ്റ: ജീവിക്കാന്‍ വേണ്ടുന്ന എന്തെങ്കിലുമൊരു തൊഴില്‍ ലഭിക്കുന്നതോടെ മറ്റു കഴിവുകളെല്ലാം മറന്നുകളയുന്നതാണ് ഭൂരിപക്ഷം മലയാളികളുടെയും ശീലം. എന്നാല്‍ അതിനൊരു അപവാദമാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴി കുന്നുംപുറത്ത് സനോജ് എന്ന 39 കാരന്‍. ശാരീരിക അദ്ധ്വാനം ഏറെ വേണ്ടി വരുന്ന നിര്‍മ്മാണത്തൊഴില്‍ കഴിഞ്ഞ് കിട്ടുന്ന സമയം കരവിരുതിനും ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ക്കും മാറ്റി വെച്ചിരിക്കുകയാണ് ഇദ്ദേഹം. സനോജ് നിര്‍മ്മിച്ച ജലചക്രമാണിത്. അങ്ങനെ സാധാരണ ജലചക്രമെന്ന് ഇതിനെ വിളിക്കാന്‍ കഴിയില്ല. ചക്രം കറങ്ങുന്നതിനൊപ്പം വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച 16 ഓളം മുളംപാവകളും ഒരു മരപക്ഷിയും ചലിക്കുന്നുവെന്നതാണിതിന്റെ പ്രത്യേകത.
അതിവിധഗ്ദ്ധമായും ശ്രദ്ധയോടെയും 15 ദിവസമെടുത്ത് നിര്‍മ്മിച്ച ജലചക്രം കാണാന്‍ നിരവധി പേരാണ് സനോജിന്റെ വീട്ടിലെത്തുന്നത്. പലരും വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ അഭിനന്ദന പ്രവാഹങ്ങളും ഇദ്ദേഹത്തെ തേടി എത്തുന്നുണ്ട്. സമീപത്തെ അരുവിയുടെ കരയില്‍ ഉറപ്പിച്ചിട്ടുള്ള ജലചക്രം കറക്കുന്നതിനായുള്ള വെള്ളം ഇവിടെ നിന്ന് തന്നെയാണ് എടുക്കുന്നത്. ഇത്തരത്തിലൊരു ശാസ്ത്ര കരവിരുത് രൂപപ്പെട്ടതിന് പിന്നിലെ കാര്യങ്ങള്‍ 'ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനു'മായി സനോജ് പങ്കുവെച്ചു.
പ്രധാനമായും മുളയാണ് ജലചക്രത്തിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും നിര്‍മാണത്തിനായി സനോജ് ഉപയോഗിച്ചിരിക്കുന്നത്. പി.വിസി പൈപ്പുകള്‍ കൃത്യമായി മുറിച്ചെടുത്ത് ഒട്ടിച്ചാണ് ചക്രത്തിന്റെ ബ്ലേഡുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കറക്കത്തിന്റെ വേഗത ഒരേ പോലെ നിലനിര്‍ത്താന്‍ ഇത് കാരണം കഴിയുന്നുണ്ട്. ജലചക്രത്തിന് പുറമെ ചിരട്ടയും ചകിരിയും ഉപയോഗപ്പെടുത്തി ശില്‍പ്പങ്ങളും നിലവിളക്കുകളുമടക്കം നിര്‍മ്മിച്ചിട്ടുണ്ട് ഇദ്ദേഹം.
പുതിയ കാലത്തെ വീടുകളുടെ അകം ഭംഗിയാക്കാന്‍ കുടി ഉദ്ദേശിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ വൃത്തിയിലും പൂര്‍ണതയിലുമാണ് ഈ കരവിരുതകളും രൂപപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിലെ ഒരു റിസോര്‍ട്ടിലെ അലങ്കാരകുളത്തില്‍ സ്ഥാപിക്കുന്നതിനായി ജലചക്രം ഇതിനകം വില്‍പ്പന തന്നെ നടത്തിയിട്ടുണ്ട്. ആവശ്യക്കാരുണ്ടെങ്കില്‍ അവര്‍ പറയുന്ന വലിപ്പത്തിലും മറ്റും ഇനിയും ജലചക്രങ്ങള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് സനോജ് പറഞ്ഞു. ചിരട്ടയില്‍ തീര്‍ത്ത നിലവിളക്ക്, തൂക്കുവിളക്ക്, വാല്‍ക്കണ്ണാടി തുടങ്ങിയവയും ആവശ്യക്കാരെത്തിയാല്‍ കൈമാറും. മക്കളായ ആദിദേവ്, അഭിനവ് ഭാര്യ ലക്ഷ്മി എന്നിവരുടെ പൂര്‍ണപിന്തുണയും സനോജിനുണ്ട്. സനോജിനെ വിളിക്കാം-നമ്പര്‍: 8111946840.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam