
കോഴിക്കോട്: കുടുംബം പുലര്‍ത്താനായി കണ്ണെത്താത്ത കടലാഴങ്ങളില്‍ ഇറങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ അതിജീവനത്തിനായി തെരുവിലിറങ്ങി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പരമ്പരാഗത മത്സ്യതൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ ആയിരക്കണക്കിന് കടലിന്‍റെ മക്കൾ പങ്കെടുത്തു. കടല്‍സമ്പത്ത് പൂര്‍ണ്ണമായും നശിപ്പിക്കുന്ന നിരോധിത വലകള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗ് മത്സ്യബന്ധനം തടയുക, രാത്രിയില്‍ പ്രത്യേക ലൈറ്റ് ഉപയോഗിച്ചുളള മത്സ്യബന്ധനം തടയുക, മണ്ണെണ്ണ സബ്‌സിഡി പുനസ്ഥാപിക്കുക, വര്‍ദ്ധിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധിയും ലൈസന്‍സ് ഫീസും പിന്‍വലിക്കുക, കടലിലും കരയിലും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പോലീസും പരിശോധന ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് ചെയ്തത്.
മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാക്‌സണ്‍ പൊള്ളയില്‍ ഉദ്ഘാടനം ചെയ്തു. എ പി സുരേഷ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. എം പി അബ്ദുല്‍ റാസിക്, ആന്റണി കുരിശിങ്കല്‍, കരിം മാറാട്, ഗംഗാധരന്‍ പയ്യോളി എന്നിവര്‍ സംസാരിച്ചു. ചൊമ്പാല, കൊയിലാണ്ടി, വെള്ളയില്‍, ചാലിയം ഹാര്‍ബറികളിലെ മത്സ്യത്തൊഴിലാളികള്‍ പണിമുടക്കിയാണ് സമരത്തിന് എത്തിയത്.
'പൊടിമീനടക്കം കോരിക്കൊണ്ടുപോകുന്നു': ബോട്ടിൽ നിന്നും നിരോധിത വലകൾ പിടിച്ചെടുത്ത് മത്സ്യത്തൊഴിലാളികൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം