ഹോട്ടലിൽ മദ്യപിച്ചെത്തി സംഘര്‍ഷം സൃഷ്ടിച്ച കേസ്; മൂന്ന് പ്രതികൾ അറസ്റ്റിൽ

By Web TeamFirst Published Nov 29, 2022, 11:39 AM IST
Highlights

കിളിമാനൂർ ഇരട്ടച്ചിറ എന്ന സ്ഥലത്ത് ‘നമ്മുടെ കട തട്ടുകട’ എന്ന പേരിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി മദ്യപിച്ച് എത്തിയ സംഘം സ്ഥലത്ത് സംഘര്‍ഷം സൃഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.


തിരുവനന്തപുരം: കിളിമാനൂരിൽ മദ്യപിച്ച് ഹോട്ടലിൽ അക്രമം ഉണ്ടാക്കിയ കേസിലെ പ്രതികൾ അറസ്റ്റിൽ. പഴയകുന്നുമ്മേൽ വട്ടപ്പാറ ചരുവിള പുത്തൻവീട്ടിൽ അമൽ (20), കിളിമാനൂർ ചൂട്ടയിൽ കാവുങ്കൽ വീട്ടിൽ ശ്രീക്കുട്ടൻ (22) , കിളിമാനൂർ മലയാമഠം മണ്ഡപകുന്ന് അനിതാ ഭവനിൽ മകൻ ഹരിഹരൻ (22) എന്നിവരെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കിളിമാനൂർ ഇരട്ടച്ചിറ എന്ന സ്ഥലത്ത് ‘നമ്മുടെ കട തട്ടുകട’ എന്ന പേരിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി മദ്യപിച്ച് എത്തിയ ഇവര്‍ ബഹളമുണ്ടാക്കുകയും ഇത് ചോദ്യം ചെയ്ത ഹോട്ടൽ നടത്തിപ്പുകാരനെയും ജോലിക്കാരെയും ആക്രമിച്ച് മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ കടയിലെ സാധനങ്ങള്‍ക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു, ഈ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ ആക്രമണത്തിൽ കട ഉടമയായ കിളിമാനൂർ പോങ്ങനാട് വിനിത ഭവനിൽ വിനോദ് (49) നും രണ്ട് തൊഴിലാളികൾക്കും ഗുരുതരമായ പരിക്കേറ്റു.തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ശില്പയുടെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്‍റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനോജ് എസ്, പൊലീസ് സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, എസ് സി പി ഒ സുനിൽ കുമാർ , ബിനു, സി പി ഒ ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇതിനിടെ കോട്ടയം നഗരത്തിൽ ഇന്നലെ വൈകീട്ട് കോളജ് വിദ്യാർഥിനിക്ക് നേരെ മൂന്നംഗ സംഘത്തിന്‍റെ അക്രമണം.  ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കോളേജ് വിദ്യാർത്ഥിനിയെ കമന്‍റ് അടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. മൂന്ന് യുവാക്കളാണ് കോളേജ് വിദ്യാർത്ഥിനിയേയും സുഹൃത്തിനേയും കോട്ടയം സെൻട്രൽ ജംഗ്ഷന് സമീപത്ത് വച്ച് ആക്രമിച്ചത്. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മൂന്ന് യുവാക്കളെ ഇന്നലെ രാത്രിയില്‍ സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. എന്നാല്‍, തങ്ങളെ സംഘം ചേര്‍ന്ന് അക്രമിക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവര്‍ കണ്ട് നിന്നതല്ലാതെ ഒരാള്‍ പോലും ചോദ്യം ചെയ്തില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചു. 
 

click me!