
തൃശ്ശൂർ : അത്താണിയിൽ അടച്ചിട്ട സ്വകാര്യ കമ്പനിയിൽ നിന്നും 5 ലക്ഷം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ ടൊവിൻ വിൽസൺ, റമീസ് മജീദ്, സഞ്ജീവ് ഗോപാലകൃഷ്ണൻ എന്നിവരാണ് വടക്കാഞ്ചേരി പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ ജൂൺ മാസമാണ് അത്താണി മിണാലൂരിൽ പൂട്ടിയിട്ടിരുന്ന 'കെലാത്ത് സ്കഫോൾഡിംഗ്‌സ്' എന്ന സ്ഥാപനത്തിൽ കവർച്ച നടക്കുന്നത്. പൂട്ട് പൊളിച്ച് സ്ഥാപനത്തിന് അകത്ത് കടന്ന മോഷ്ടാക്കൾ 5 ലക്ഷം രൂപയോളം വില വരുന്ന മെഷീനുകളും അനുബന്ധ പാർട്സുകളും ഡൈകളും ഇരുമ്പ് മെറ്റീരിയലുകളും കവർന്നു. ആളൊഴിഞ്ഞ പ്രദേശമായതിനാൽ മോഷ്ടിച്ച സാധനങ്ങളുമായി അതിവിദഗ്ധമായി കവർച്ച സംഘം രക്ഷപെട്ടു.
പിന്നാലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വടക്കാഞ്ചേരി എസ്.ഐ ഹരിഹരസോനു, പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് തുമ്പുണ്ടായത്. പ്രതികൾ മോഷ്ടിച്ച മെഷീനറികളും മറ്റ് വസ്തുക്കളും വിറ്റ ആക്രി സ്ഥാപനങ്ങളിൽ നിന്നും പൊലീസ് കണ്ടെടുത്തു. തുടർന്ന് മിണാലൂർ സ്വദേശികളായ ടൊവിൻ വിൽസൻ, റമീസ് മജീദ്, മുണ്ടത്തിക്കോട് സ്വദേശി സഞ്ജീവ് ഗോപാലകൃഷ്ണൻ എന്നിവരെ വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam