
മലപ്പുറം: പെരിന്തൽമണ്ണയിൽ ബൈക്ക് കള്ളന്മാര്‍ വിലസുന്നു. രണ്ട് ദിവസം കൊണ്ട് മൂന്ന് ബൈക്കുകൾ കവര്‍ന്നു. അങ്ങാടിപ്പുറം വൈലോങ്ങരയിലും ആശാരിപ്പടിയിലും പെരിന്തൽമണ്ണ ജൂബിലി ജങ്ഷന് സമീപത്തു നിന്നുമായാണ് മൂന്ന് ബൈക്കുകൾ മോഷണം പോയത്.
വൈലോങ്ങര മേച്ചേരിപ്പറമ്പ് വട്ടപ്പറമ്പിൽ അക്ബറിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കാണ് ചൊവ്വാഴ്ച പുലർച്ചെ മോഷണം പോയത്. തലേന്ന് ആശാരിപ്പടി ചോലക്കുളത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു ബൈക്ക് മോഷ്ടിക്കപ്പെട്ടിരുന്നു. അടുത്ത ദിവസങ്ങളിൽ ഒരേ പ്രദേശത്തുണ്ടായ മോഷണങ്ങൾക്കൊടുവിലാണ് ചൊവ്വാഴ്ച പകൽ പെരിന്തൽമണ്ണ ജൂബിലി ജങ്ഷനിൽ റെക്‌സിൻ കടയുടെ സമീപം നിർത്തിയിട്ടിരുന്ന ബൈക്കും നഷ്ടപ്പെട്ടത്.
അക്ബറിന്റെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട ബൈക്കിന് 1,70,000 രൂപ വിലയുണ്ട്. ഇതുതലേന്ന് വൈകീട്ട് വീടിനു മുന്നിൽ നിർത്തിയിട്ടതായിരുന്നു. പെരിന്തൽമണ്ണ ജൂബിലി ജങ്ഷനു സമീപം നടന്ന മോഷണത്തിലെ പ്രതികളുടേതെന്നു കരുതുന്ന സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഹെൽമെറ്റ് ധരിച്ച രണ്ടു പേർ വന്ന് ബൈക്ക് കൊണ്ടുപോകുന്ന ദൃശ്യമാണ് ലഭിച്ചത്. അക്ബറിന്റെ ബൈക്കിനോട് സാമ്യം തോന്നുന്ന ബൈക്കിന്റെ ദൃശ്യങ്ങൾ സംഭവ ദിവസം പുലർച്ചെ മൂന്നോടെ മണ്ണാർക്കാട് റോഡിലെ അമ്മിനിക്കാട് പെട്രോൾ പമ്പിലെ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കിന്റെ മുന്നിലെ വൈസറും നമ്പർ പ്ലേറ്റും വീട്ടുമുറ്റത്തുതന്നെ ഉപേക്ഷിച്ചിട്ടുണ്ട്. ഉടമകളുടെ പരാതിയിൽ കേസെടുത്ത പെരിന്തൽമണ്ണ പൊലീസ് അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam