
വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാർ അരണക്കല്ലിൽ കരടിയുടെ ആക്രമണം. ആക്രമണത്തില്‍ രണ്ട് സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു. അരണക്കൽ ഹില്ലാഷ് എസ്റ്റേറ്റിലെ തൊഴിലാളികളായ ലക്ഷമി (45) മുരുകേശ്വരി (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തോട്ടത്തിൽ തൊഴിലാളികൾ കൊളുന്ത് നുള്ളിയെടുക്കുന്നതിനിടെ തേയിലക്കാട്ടിൽ പതുങ്ങി കിടന്ന കരടി ഇവരെ ആക്രമിക്കുകയാരുന്നു. മറ്റു തൊഴിലാളികൾ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നിലായിരുന്ന ഇരുവർക്കും കരടിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാനായില്ല. ഇരുവരെയും കരടി മാന്തുകയായിരുന്നു. പിന്നിട് തൊഴിലാളികൾ സംഘടിച്ച് എത്തി ബഹളം കൂട്ടിയതോടെ കരടി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
Read More : കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അതിനിടെ പാലക്കാട് കോട്ടോപ്പാട് കച്ചേരിപ്പറമ്പിൽ പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം. ആനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. കാളപൂട്ട് കാണുന്ന ജനക്കൂട്ടത്തിനു സമീപത്തേക്കാണ് ആനയെത്തിയത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് നാട്ടുകാരെ നടുക്കി കാട്ടാന ജനക്കൂട്ടത്തിന്റെ സമീപം എത്തിയത്.
ഓട്ടോ ഡ്രൈവറായ അഫ്സലിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നെല്ലിക്കുന്ന് ഭാഗത്ത് വച്ച് അഫ്സലിന്റെ ഓട്ടോയ്ക്കു നേരെ പാഞ്ഞ് വരുന്നത് കണ്ട് അഫ്സൽ ഓട്ടോ നിർത്തി ചാടി ഇറങ്ങി റബർ തോട്ടത്തിലൂടെ ഓടുകയായിരുന്നു. ഓടുന്നതിനിടെ വീണു പരുക്കേറ്റു. ഇതിനു ശേഷമാണ് കാളപൂട്ട് നടക്കുന്ന സ്ഥലത്തേക്ക് ആനയെത്തിയത്. ഇവിടെ വച്ച് കച്ചേരിപ്പറമ്പ് പുളിക്കൽ ഹംസ (40), കരടിയോട് വട്ടത്തൊടി അഫ്സൽ (30) എന്നിവരെ ആന ആക്രമിച്ചു. ഇരുവരെയും പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.