
അരൂർ: ചന്തിരൂർ പാലത്തിനു സമീപം വാനുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. ചന്തിരൂർ പാലത്തിന് തെക്കുഭാഗത്ത് ദേശീയപാതയിൽ നാലുവരിപ്പാതയുടെ വശത്തു കൂടെ വടക്കുദിശയിൽ അരൂർ ഭാഗത്തേയ്ക്കു വന്നുകൊണ്ടിരുന്ന മത്സ്യം കയറ്റിയ വാൻ മുമ്പിലുണ്ടായിരുന്ന കാറിന്റെ പുറകിൽ തട്ടുകയു, ഇടിയിൽ നിയന്ത്രണം തെറ്റിയ വാൻ മീഡിയൻ ഭേദിച്ച് മറുദിശയിൽ സഞ്ചരിച്ചിരുന്ന വാനിലേയ്ക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു.
പെരുമ്പാവൂരിലേക്ക് മര ഉരുപ്പടികൾ എത്തിച്ച ശേഷം തിരികെ ആലപ്പുഴ ഭാഗത്തേക്കു മടങ്ങുന്ന അമേയ എന്ന വാനിലേക്കാണ് മീൻ വണ്ടി നിയന്ത്രണം തെറ്റി ഇടിച്ചത്. അപകടത്തിൽ മീൻ വണ്ടിയുടെ ഡ്രൈവറടക്കം മൂന്നു പേർക്ക് പരുക്ക് പറ്റി ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ പരുക്ക് ഗുരുതരമാണ്. അരൂരിലെ പോലീസ് സേനയും ഫയർ & റെസ്ക്യൂ സർവീസ് സേനയും സംഭവ സ്ഥലത്തെത്തി.
അതേസമയം, സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് ദേശീയപാതയിൽ മൈലക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശി ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. ചാത്തന്നൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്‍ടു വിദ്യാർത്ഥിനിയാണ് ഗൗരി. സ്കൂളിലേക്ക് പോകുമ്പോൾ ലോറിയിടിക്കുകയായിരുന്നു. പത്തനംതിട്ട റാന്നിയിൽ നിയന്ത്രണം വിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. റാന്നി കോടതിപ്പടിയിലെ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് സ്വദേശി മിനി ജെയിംസ് (55) ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു.
Read more: കൊല്ലത്തും പത്തനംതിട്ടയിലും വാഹനാപകടം; അച്ഛനും മകളും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു, 3 പേർക്ക് പരിക്ക്
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു
തൃശ്ശൂരിൽ പൂത്തോളിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചേറ്റുപുഴ സ്വദേശി അന്തിക്കാട്ട് വീട്ടിൽ മുരളീധരൻ (65) ആണ് മരിച്ചത്. ബുധനാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.