
കൊച്ചി: എറണാകുളം പുത്തൻ കുരിശിൽ മൂന്നു മാസം മാത്രം പ്രായമുള്ള നായ കുട്ടിയോട് കണ്ണില്ലാത്ത ക്രൂരത. കൂട്ടിൽ ഇട്ടിരുന്ന നായക്കുട്ടിയുടെ മുഖത്ത് അജ്ഞാതർ കെമിക്കൽ ലായനി ഒഴിച്ചു. പുത്തൻ കുരിശ് മോനിപ്പള്ളി സ്വദേശിനിയുടെ നയനയുടെ കൂട്ടിൽ പൂട്ടിയിട്ട ഇന്ത്യൻ സ്പിറ്റ്സ് വിഭാഗത്തിൽപ്പെട്ട നായക്കുട്ടിയാണ് കൊടും ക്രൂരതക്ക് ഇരയായത്. രാസ ലായനി മുഖത്തേക്ക് ഒഴിച്ചതോടെ നായയുടെ കാഴ്ച നഷ്ടപ്പെട്ടു. ആന്തരിക അവയവങ്ങൾക്ക് പൊള്ളൽ ഏറ്റിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഭക്ഷണം കൊടുത്ത് കൂട്ടിലാക്കി വീട്ടുകാർ പുറത്ത് പോയി തിരികെ എത്തിയ സമയത്താണ് ഓമനിച്ച് വളർത്തുന്ന പൂപ്പി എന്ന പട്ടിക്കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മകളെ പോലെ പരിപാലിച്ച് വന്നിരുന്ന കണ്ണ് പൊള്ളലേറ്റ വെന്ത പോലെയായിരുന്നുവെന്ന് നയന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം പേടിച്ചെങ്കിലും പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തിയാണ് ഇവരോട് നായക്കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശം നൽകിയത്.
നായയുടെ മുഖത്തും കൈകളിലുമാണ് പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രാസപദാർത്ഥം മുഖത്തൊഴിച്ചതാണെന്ന് തിരിച്ചറിഞ്ഞതെന്ന് നയന പറഞ്ഞു. നായയുടെ മുഖത്തും കൈകളിലുമാണ് പരിക്കേറ്റത്. രാസലായനി വായയുടെ ഉള്ളിൽ വരെ ചെന്നിട്ടുണ്ട്. കിഡ്നി, ലിവർ അടക്കമുള്ള ആന്തരിക അവയവങ്ങൾക്ക് തകരാറായിട്ടുണ്ട്. ഒരു കണ്ണിന്‍റെ കാഴ്ച പോയിട്ടുണ്ടെന്നും നയന പറഞ്ഞു. എന്തെങ്കിലും ബലൂണിൽ രാസലായനി നിറച്ച് പട്ടിക്കുട്ടിക്ക് മുന്നിലിട്ടതാകാമെന്നാണ് ഒരു സാധ്യത. അല്ലെങ്കിൽ പുറത്ത് നിന്നുള്ള ആരെങ്കിലും മുഖത്തേക്ക് രാസലായനി സ്പ്രേ ചെയ്തതാകാമെന്നും ഡോക്ടർമാർ പറയുന്നു.
പരിസരത്തെ ചിലരുമായി നായയെ വളർത്തുന്നതിനെ ചൊല്ലി പ്രശ്നം ഉണ്ടായിരുന്നു. രണ്ട് മാസം പ്രായമുള്ള പപ്പി കടിക്കുന്നുവെന്ന് ചിലർ പരാതി പറഞ്ഞിരുന്നു. എന്നാൽ നായക്കുട്ടി ആരെയും ഉപദ്രവിച്ചിരുന്നില്ല, ശാന്തനായ നായക്കുട്ടിയായിരുന്നുവെന്ന് നയന പറയുന്നു. ആക്രമണത്തിന് പിന്നിൽ അയൽവാസികളുടെ പങ്കുണ്ടെന്നാണ് കുടുംബത്തിന്‍റെ സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആരോപണ വിധേയരായ പ്രദേശവാസികളെ അടക്കം 10 മണിക്ക് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam