
കൊച്ചി: അജ്ഞാത വ്യക്തി രാസലായനി ഉപയോഗിച്ച് ആക്രമിച്ച നായക്ക് ജീവൻ നഷ്ടമായി. എറണാകുളം പുത്തൻകുരിശിൽ മൂന്നു മാസം പ്രായമായ പൂപ്പി എന്ന നായയ്ക്കു ആണ് ജീവൻ നഷ്ടമായത്. മുഖത്ത് രാസലായനി ഒഴിച്ചതിനെ തുടര്‍ന്ന് പൂപ്പി എന്ന നായക്കുട്ടിയുടെ ഇടത് കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. മുഖവും വായയും പൊള്ളലേറ്റ നിലയിൽ രണ്ടാഴ്ചയിലധികമായി ചികിത്സയിലായിരുന്നു.
സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് കേസ് എടുത്തെങ്കിലും ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല. ദേഹം മുഴുവൻ പരിക്കേറ്റു വേദനിച്ച പൂപ്പിയുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. നായയുടെ കരളിനും വൃക്കയ്ക്കും പരിക്കേറ്റിരുന്നു.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് പുത്തൻ കുരിശ് പൊലീസ് കേസെടുത്തത് കേസെടുത്തിരുന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയതിനും കേസെടുത്തിട്ടുണ്ട്. കൂട്ടിൽ ഇട്ടിരുന്ന നായക്കുട്ടിയുടെ മുഖത്ത് അജ്ഞാതർ കെമിക്കൽ ലായനി ഒഴിക്കുകയായിരുന്നു. പുത്തൻ കുരിശ് മോനിപ്പള്ളി സ്വദേശിനിയുടെ നയനയുടെ ഇന്ത്യൻ സ്പിറ്റ്സ് വിഭാഗത്തിൽപ്പെട്ട നായക്കുട്ടിയാണ് കൊടും ക്രൂരതക്ക് ഇരയായത്.
ഇക്കഴിഞ്ഞ ജൂലൈ ആദ്യമാണ് സംഭവം നടന്നത്. ഭക്ഷണം കൊടുത്ത് കൂട്ടിലാക്കി വീട്ടുകാർ പുറത്ത് പോയി തിരികെ എത്തിയ സമയത്താണ് ഓമനിച്ച് വളർത്തുന്ന പൂപ്പി എന്ന പട്ടിക്കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മകളെ പോലെ പരിപാലിച്ച് വന്നിരുന്ന കണ്ണ് പൊള്ളലേറ്റ വെന്ത പോലെയായിരുന്നുവെന്ന് നയന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. പൊലീസെത്തിയാണ് ഇവരോട് നായക്കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശം നൽകിയത്.
ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രാസപദാർത്ഥം മുഖത്തൊഴിച്ചതാണെന്ന് തിരിച്ചറിഞ്ഞതെന്ന് നയന പറഞ്ഞു. നായയുടെ മുഖത്തും കൈകളിലുമാണ് പരിക്കേറ്റത്. രാസലായനി വായയുടെ ഉള്ളിൽ വരെ ചെന്നിട്ടുണ്ട്. കിഡ്നി, ലിവർ അടക്കമുള്ള ആന്തരിക അവയവങ്ങൾക്ക് തകരാറായിട്ടുണ്ട്. എന്തെങ്കിലും ബലൂണിൽ രാസലായനി നിറച്ച് പട്ടിക്കുട്ടിക്ക് മുന്നിലിട്ടതാകാമെന്നായിരുന്നു നിഗമനം. അല്ലെങ്കിൽ പുറത്ത് നിന്നുള്ള ആരെങ്കിലും മുഖത്തേക്ക് രാസലായനി സ്പ്രേ ചെയ്തതാകാമെന്നും ഡോക്ടർമാർ പറയുന്നു.
പരിസരത്തെ ചിലരുമായി നായയെ വളർത്തുന്നതിനെ ചൊല്ലി പ്രശ്നം ഉണ്ടായിരുന്നു. രണ്ട് മാസം പ്രായമുള്ള നായക്കുട്ടി കടിക്കുന്നുവെന്ന് ചിലർ പരാതി പറഞ്ഞിരുന്നു. എന്നാൽ, നായക്കുട്ടി ആരെയും ഉപദ്രവിച്ചിരുന്നില്ലെന്നും ശാന്തനായ നായക്കുട്ടിയായിരുന്നുവെന്ന് നയന പറയുന്നു. ആക്രമണത്തിന് പിന്നിൽ അയൽവാസികളുടെ പങ്കുണ്ടെന്നാണ് കുടുംബത്തിന്‍റെ സംശയം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam