ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം; നോക്കുകുത്തിയായി മൾട്ടിലെവൽ പാർക്കിങ് കേന്ദ്രം, അനുമതി നിഷേധിച്ച് ഫയർഫോഴ്സ്

By Web TeamFirst Published Jan 23, 2021, 7:50 PM IST
Highlights

കോര്‍പ്പറേഷനിലെ ബഹുനില കാര്‍ പാര്‍ക്കിംഗ് സംവിധാനം, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല.  കോടികള്‍ ചെലവഴിച്ച പദ്ധതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി, ഫയര്‍ ഫോഴ്സ് അനുമതി നൽകാത്തതാണ് കാരണം

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ബഹുനില കാര്‍ പാര്‍ക്കിംഗ് സംവിധാനം, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല.  കോടികള്‍ ചെലവഴിച്ച പദ്ധതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി, ഫയര്‍ ഫോഴ്സ് അനുമതി നൽകാത്തതാണ് കാരണം.

5.64 കോടിയുടെ പദ്ധതിയിൽ നിർമിച്ച പാർക്കിങ് കേന്ദ്രത്തിൽ ഏഴ് നിലകളിലായി 102 കാറുകൾ പാർക്ക് ചെയ്യാമെന്നായിരുന്നു വാഗ്ദാനം. പക്ഷേ ഒന്നും നടന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പുള്ള കണ്ണിൽ പൊടിയിടൽ മാത്രമായി മാറി വാഗ്ദാനങ്ങൾ. കോർപ്പറേഷനിലെത്തുന്നവർ ഇപ്പോഴും പഴയ പടി പാർക്കിംഗിനായുളള നെട്ടോട്ടത്തിലുമാണ്.

തീപ്പിടിത്തം പോലുളള അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുളള ഗോവണികളില്ലെന്നാണ് ഫയർ ഫോഴ്സിന്റെ കണ്ടെത്തൽ. ഇതോടെ ബഹുനില കെട്ടിടത്തിന് അനുമതി നൽകിയില്ല. പാര്‍ക്കിങ് കേന്ദ്രത്തിൻറെ നിര്‍മാണ ചുമതല ഉണ്ടായിരുന്ന സൈഗര്‍ എന്ന കമ്പനി ഇലക്ട്രിക് ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. 

ഇലക്ട്രിക്കൽ ജോലികൾ കമ്പനിയെ ഏൽപ്പിച്ചില്ലെന്നാണ് വിശദീകരണം. താൽക്കാലിക വൈദ്യുതി കണക്ഷൻ പയോഗിച്ചായിരുന്നു ഉദ്ഘാടനം. ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കാൻ ഊരാളുങ്കലുമായി വീണ്ടും 60 ലക്ഷത്തിന് മേൽ രൂപയുടെ കരാറും ഉണ്ടാക്കി. ഗോവണി നിർമ്മിക്കുന്ന കാര്യത്തിലാണെങ്കിൽ ഇപ്പോഴും തീരുമാനമായിട്ടുമില്ല. പാർക്കിങ് പദ്ധതിയിലും പ്രഹസനമായ ഉദ്ഘാടനത്തിലും അഴിമതിയുണ്ടെന്നാണ് ബിജെപി ആരോപണം.

click me!