യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Jan 1, 2019, 10:11 PM IST
Highlights

അരുണും മിഥുനും മറ്റൊരു സുഹൃത്തായ വിവേകുമൊത്ത് കടയില്‍ നിന്ന് വെള്ളം കുടിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ കാറില്‍ ഇവിടെയെത്തിയ ആദര്‍ശും അജിത്തും പുകവലിക്കാന്‍  തീ ആവശ്യപ്പെട്ടു. തീയില്ലെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ ഇരുവരും പ്രകോപിതരായി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വഴക്ക് നടക്കുന്നതിനിടെ വിഷ്ണു കാറില്‍ നിന്നിറങ്ങിവന്ന് അരുണിനെയും മിഥുനെയും കുത്തുകയായിരുന്നു. 
 
തിരുവനന്തപുരം: യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു.  പി വിഷ്ണു  (മൊട്ട 28), പിആദര്‍ശ് (പപ്പു 25), വി അജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആറ്റിങ്ങല്‍ അവനവഞ്ചേരിസ്വദേശിയും സൈനികനുമായ അരുണ്‍, മിഥുന്‍, എന്നിവര്‍ക്കാണ് ഞായറാഴ്ച രാത്രി 10 മണിയോടെ കുത്തേറ്റത്. 

അരുണും മിഥുനും മറ്റൊരു സുഹൃത്തായ വിവേകുമൊത്ത് കടയില്‍ നിന്ന് വെള്ളം കുടിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ കാറില്‍ ഇവിടെയെത്തിയ ആദര്‍ശും അജിത്തും പുകവലിക്കാന്‍  തീ ആവശ്യപ്പെട്ടു. തീയില്ലെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ ഇരുവരും പ്രകോപിതരായി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വഴക്ക് നടക്കുന്നതിനിടെ വിഷ്ണു കാറില്‍ നിന്നിറങ്ങിവന്ന് അരുണിനെയും മിഥുനെയും കുത്തുകയായിരുന്നു. 

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികള്‍ പാറക്കടവിലെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ഒ എ സുനിലിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടാന്‍ ശ്രമിച്ചു. ഈസമയം പൊലീസിനെ ആക്രമിച്ച്  പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. പിന്തുടര്‍ന്ന പൊലീസ് മല്‍പ്പിടുത്തത്തിലൂടെ ഇവരെ കീഴടക്കി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അറസ്റ്റിലായ വിഷ്ണു കൊല്ലത്ത് ഒരു കൊലപാതക ശ്രമക്കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മറ്റൊരുകേസില്‍ പൊലീസിനെ ആക്രമിച്ചശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

click me!