
മലപ്പുറം: മലപ്പുറം ജില്ലയില്‍ രണ്ട് സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. വളാഞ്ചേരി വെട്ടിച്ചിറ കരിപ്പൊളിലും വട്ടപ്പാറയിലും എടവണ്ണ ജാമിഅ കോളജിന് സമീപവുമാണ് അപകടങ്ങള്‍ നടന്നത്. വെട്ടിച്ചിറ കരിപ്പൊളില്‍ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാടാമ്പുഴ സ്വദേശി സന്തോഷ് സി (30) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സന്തോഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളാഞ്ചേരി കാടാമ്പുഴ മേല്‍മുറി ചുള്ളിക്കാട്ടില്‍ നാരായണന്റെ മകനാണ് സന്തോഷ്. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ചികിത്സയിലാണ്.
വളാഞ്ചേരി ദേശീയപാത വട്ടപ്പാറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വളാഞ്ചേരി പൈങ്കണ്ണൂര്‍ നിരപ്പില്‍ എം കെ രാജേഷാണ് (30) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. വട്ടപ്പാറയില്‍ നിലവില്‍ റോഡ് നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ഭാഗത്തു വെച്ചാണ് അപകടമുണ്ടായത്. രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രാജേഷ് തെറിച്ചു വീണു. ഗുരുതര പരിക്കേറ്റ രാജേഷിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മാതാവ്: ലളിത. സഹോദരിമാര്‍: ഷിജ, ലിജ, ശ്രീജ, നിജ.
അതേസമയം മറ്റൊരു അപകടത്തില്‍ എടവണ്ണ ജാമിഅ കോളജിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പോരൂര്‍ അയനിക്കോട് സ്വദേശി റിഫാദ് (18) മരിച്ചു. രാത്രി കൂട്ടുകാരുമൊത്ത് എടവണ്ണയില്‍ പോയി തിരിച്ചു വരുന്നതിനിടെ ശാരത്ത് കുന്നില്‍ വെച്ചായിരുന്നു അപകടം. ഉടന്‍ തന്നെ എടവണ്ണയിലെയും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോരൂര്‍ അയനിക്കോട് വലിയപ്പറമ്പ് സ്വദേശി കോന്തന്‍കുളവന്‍ അബ്ദുല്‍ കബീറിന്റെ മകനാണ് റിഫാദ്. അപകടത്തില്‍ റിഫാദിനൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam