പരിശോധനക്കിടയിലും കൂസലില്ലാതെ ഉടമകള്‍; വയനാട്ടിലെ ഹോട്ടലുകളില്‍ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി

By Web TeamFirst Published Jan 19, 2023, 1:18 AM IST
Highlights

ബുധനാഴ്ച മാനന്തവാടിയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി 13 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 

മാനന്തവാടി: തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്ന പരിശോധനക്കിടയിലും പഴകിയ ഭക്ഷണം വിളമ്പുന്ന ചില ഹോട്ടലുകളുടെ ശീലം വയനാട്ടില്‍ തുടരുന്നു. ബുധനാഴ്ച മാനന്തവാടിയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി 13 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ മൂന്ന് ഹോട്ടലുകളിലായിരുന്നു പഴകിയ ചിക്കന്‍ ഫ്രൈ, മീന്‍ കറി, ദോശ, ഉപയോഗിക്കാവുന്ന തീയ്യതി പിന്നിട്ടിട്ടും വില്‍പ്പനക്ക് വെച്ച പാനീയങ്ങള്‍ എന്നിവ പിടികൂടിയത്. 

നിയമലംഘനം നടത്തിയ ഹോട്ടല്‍ പ്രീത, ഫുഡ് സിറ്റി, വിജയ ഹോട്ടലുകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നഗരസഭ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ജി. അജിത്, കെ.എം. പ്രസാദ്, വി. സിമി, എം. ഷിബു, പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും പരാതിപ്പെടാം. പരാതി പരിശോധിച്ച് നിയമലംഘനം ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കും. 

ഭക്ഷ്യവിഷബാധയേറ്റ് കോട്ടയത്ത് യുവതി മരിക്കാനിടയായ സംഭവത്തിന് ശേഷം ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധനയായിരുന്നെങ്കിലും ഇപ്പോള്‍ സജീവമല്ലെന്ന് ജനങ്ങള്‍ പറയുന്നു. അതേ സമയം തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിന് ജനങ്ങളില്‍ വിവരം ലഭിക്കുന്ന മുറക്ക് ഭക്ഷണ ശാലകളിലെത്തി പരിശോധന നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Read Also: അതിഥിതൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച് കവർച്ച നടത്തി: രണ്ട്പേർ പിടിയിൽ, ഒരാൾ നിരവധി ക്രിമിനൽ കേസിലെ പ്രതി

click me!