പെട്ടിമുടി ദുരന്തം; പരിക്കുമാറി,മനസ്സിന്റെ മുറിവുണങ്ങാതെ പളനിയമ്മയും സീതാലക്ഷ്മിയും സരസ്വതിയും ആശുപത്രി വിട്ടു

By Web TeamFirst Published Sep 6, 2020, 10:40 AM IST
Highlights

ഒരു മാസം മുമ്പ് അബോധാവസ്ഥയില്‍ ആശുപത്രയിലെത്തിയ മൂന്ന് പേരുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍
 

ഇടുക്കി: ഒരു മാസം മുമ്പ് ഉറക്കത്തിനിടയില്‍ വന്നു പതിച്ച ദുരന്തത്തിന്റെ നടുക്കം മാത്രമാണ് പളനിയമ്മയുടെയും, സീതാലക്ഷമിയുടെും, സരസ്വതിയുടെയും കണ്ണുകളില്‍. മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇവരെ വാരിയെല്ലിനും ശ്വാസകോശത്തിനും, കൈവിരലുകള്‍ക്കുമെല്ലാം ഗുരുതരമായ പരിക്കുകളോടെയാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചത്.

മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇവര്‍ മൂന്ന് പേരും ആശുപത്രി വിട്ടു. ഒരു മാസം മുമ്പ് അബോധാവസ്ഥയില്‍ ആശുപത്രയിലെത്തിയ മൂന്ന് പേരുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ചികിത്സ പൂര്‍ത്തിയാക്കി തിരികെ പോകുമ്പോള്‍ പ്രതീക്ഷിക്കാന്‍ നല്ലതൊന്നുമില്ല മൂന്ന് പേര്‍ക്കും. വീടും കുടുംബവുമുണ്ടായിരുന്ന സ്ഥലം മണ്ണിനടയിലാണ്. പളനിയമ്മയുടെ മക്കളും കൊച്ചുമക്കളുമുള്‍പ്പടെ 20 ബന്ധുക്കള്‍ ദുരന്തത്തില്‍ മരിച്ചു. മുപ്പത്തി രണ്ടുകാരി സീതാലക്ഷ്മിയുടെ മൂന്ന് മക്കളെയും ഭര്‍ത്താവിനെയും നഷ്ടമായി. ശരീരത്തിന്റെ വേദന കുറഞ്ഞെങ്കിലും പ്രിയപ്പെട്ടവരെ തട്ടിപ്പറിച്ച ദുരന്തമുണ്ടാക്കിയ മാനസികാഘാതം അവരെ വിട്ടു പോയിട്ടില്ല.

ഇനി ഇവര്‍ക്ക് ഏറ്റവും പ്രധാനം മാനശാസ്ത്ര വിദഗ്ധന്റെ പരിചരണമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അവസാന ഘട്ട ചികിത്സ മൂന്നാറിലെ ടാറ്റാ ആശുപത്രിയില്‍ നടത്തിയ ശേഷം ഇവരെ ബന്ധുക്കളുടെ വീടുകളിലേക്ക് അയക്കും.

click me!