
മാനന്തവാടി: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ വയനാട് സ്വദേശിനിയായ വയോധികയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന് മുങ്ങിയ തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകളെ പിടികൂടി. ചെന്നൈ, ചെങ്കല്‍പേട്ട സ്വദേശിനികളായ കൂടാച്ചേരി ഇന്ദു എന്ന കാവ്യ(37), ജാന്‍സി എന്ന സരസ്വതി(30), ദേവി എന്ന സുധ(39) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതികളായവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 12ന് ഉച്ചയോടെ കണിയാരം സ്വദേശിനിയായ 78 വയസുള്ള തങ്കമ്മ മാനന്തവാടി മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സ തേടിയ ശേഷം മടങ്ങുമ്പോഴാണ് കവര്‍ച്ചക്കിരയായത്. തങ്കമ്മയെ പിന്തുടര്‍ന്ന സ്ത്രീകള്‍ ഇവരോട് എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിച്ച ശേഷം ഞങ്ങളും ആ വഴിക്കാണെന്ന് പറയുകയും നിര്‍ബന്ധിച്ച് ഒരു ഓട്ടോയില്‍ കയറ്റുകയുമായിരുന്നു.
പകുതി വഴിയില്‍ ഇവര്‍ ഇറങ്ങിപോവുകയും ചെയ്തു. പിന്നീട് കഴുത്തില്‍ പരതി നോക്കിയപ്പോഴാണ് മാലയില്ലെന്ന് തിരിച്ചറിയുന്നതും പോലീസില്‍ പരാതി നല്‍കുന്നതും. നഗരത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 75000 രൂപയോളം വില വരുന്ന മാലയാണ് കവര്‍ന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മാനന്തവാടി ഡി.വൈ.എസ്.പി പി.എല്‍. ഷൈജു, ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.എം. അബ്ദുള്‍ കരീം, എസ്.ഐമാരായ ടി.കെ. മിനിമോള്‍, സോബിന്‍, എ.എസ്.ഐ അഷ്റഫ്, എസ്.സി.പി.ഒമാരായ ബഷീര്‍, റാംസണ്‍, വിപിന്‍, ജാസിം ഫൈസല്‍, സെബാസ്റ്റ്യന്‍, ഷൈല, നൗഷാദ്, സി.പി.ഒമാരായ കൃഷ്ണപ്രസാദ്, ദീപു എന്നവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam