
കായംകുളം: കായംകുളത്ത് 48 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നാണ് മൂന്ന് യുവാക്കളെ കായംകുളം പൊലീസും ജില്ലാ ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിൽ പിടികൂടിയത്. കാർത്തികപ്പള്ളി മഹാദേവികാട് കുന്തളശ്ശേരി തെക്കേതിൽ ഉണ്ണിക്കുട്ടൻ (26), കൊച്ചുപടനയിൽ സച്ചിൻ (23), മിലൻ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ഇവർ കൂടുതൽ പണം കണ്ടെത്തുന്നതിനായാണ് ന്യൂജെൻ ലഹരി കച്ചവടത്തിലേയ്ക്ക് തിരിഞ്ഞതെന്ന് പൊലീസിനോട് പറഞ്ഞു.
കാർത്തികപ്പള്ളി, മുതുകുളം, ചിങ്ങോലി ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇവരാണെന്നും ഇവരുടെ വീട്ടിൽ നിന്ന് കുട്ടികളും ചെറുപ്പക്കാരും മയക്കുമരുന്ന് വാങ്ങുന്നതായി പരാതിയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് നേരിട്ട് വാങ്ങി കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ മേഖലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്ന് ഇവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.