
തിരുവനന്തപുരം: വീട്ടമ്മയെ കാറിലെത്തി തട്ടിക്കൊണ്ടുപോയശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന് വഴിയിലുപേക്ഷിച്ച സംഭവവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍കൂടി പിടിയിലായി. ആലപ്പുഴ അമ്പലപ്പുഴ കോമളപുരം മണ്ണഞ്ചേരി ആപ്പൂര് വെളിയില്‍ വീട്ടില്‍ ഹല്‍ഷാദ് (28), തമിഴ്‌നാട് നീലഗിരി പന്തല്ലൂര്‍ കണിച്ചം വയലില്‍ പട്ടാര വീട്ടില്‍ ബജീഷ് എന്നുവിളിക്കുന്ന മണി (44), കോമളപുരം മണ്ണഞ്ചേരി തോട്ടുചിറ വീട്ടില്‍ രമേഷ് (45) എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ ഭാഗത്തുനിന്നാണ് പ്രതികളെ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ജൂലൈ 29നാണ് സംഭവം. നരുവാമൂട് ഇടയ്‌ക്കോട് കളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ ഭാനുമതിയമ്മയുടെ മകള്‍ പത്മാവതിയെന്ന പത്മകുമാരി (52) യെ മൊട്ടമൂട് ഭാഗത്തുനിന്ന് സൈലോ കാറില്‍ തട്ടിക്കൊണ്ടുപോയി 40 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയായിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നശേഷം ഇവരെ സംഘം കാട്ടാക്കട കാപ്പിക്കാട് ഭാഗത്തെ റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ചു കടന്നു
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആദ്യം പിടിയിലായത് മലയിന്‍കീഴ് സ്വദേശി ഗണേശനാണ്. അതിനുശേഷം അല്‍-അമീന്‍, ജസീം, ഫിലിപ്പ്, സനല്‍കുമാര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മൂന്നുപേര്‍ പിടിയിലായത്. കൂടുതല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് വയനാട്, ആലപ്പുഴ ഭാഗങ്ങളില്‍ ഷാഡോ സംഘം ഉള്‍പ്പെടെ ഊര്‍ജ്ജിതമായ അന്വേഷണം നടത്തുകയുണ്ടായി.
അതേസമയം പ്രതികള്‍ വീട്ടമ്മയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സമയം ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നയാള്‍ ഉടന്‍ പിടിയിലാകുമെന്നാണു സൂചന. പിടിയിലായ മണിയാണ് പത്മയെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും കാപ്പിക്കാട് ഭാഗത്ത റബര്‍തോട്ടത്തിലേക്ക് തള്ളിയിടുന്നതും. പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണ്ണം വില്‍പ്പന നടത്തിയത് ഏറെക്കുറെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടരന്വേഷണം പുരോഗമിക്കുകയാണ്.