
തൃശൂര്‍ : മാള പുത്തൻചിറയിൽ കഴിഞ്ഞ ദിവസം നാല് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെയാണ് പുത്തൻചിറ സ്വദേശികളായ ലീല, ജീവൻ, തങ്കമണി, മാലിനി എന്നീ നാല് പേർക്ക് നായയുടെ കടിയേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെയ്പ്പ് നൽകിയിട്ടുണ്ട്. നാട്ടുകാര്‍ ഉടൻ നായയെ പിടികൂടി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റവരുടെ നിരീക്ഷണം തുടരും.
അതേ സമയം, ഇന്ന് എരുമപ്പെട്ടിയിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർക്ക് കടിയേറ്റു. എരുമപ്പെട്ടി സീരകത്ത് റഫീക്കിൻ്റെ മകൾ 12 വയസുകാരി സിയ, കേളംപുലാക്കൽ അസീസ്, മേലൂട്ടയിൽ രാജേഷ് എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ 7 മണിക്ക് മദ്റസയിൽ പോകുന്നതിനിടയിലാണ് സിയക്ക് കടിയേറ്റത്. നടന്ന് പോവുകയായിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. സിയക്ക് കയ്യിനാണ് കടിയേറ്റത്. രാജേഷിന് വീടിന് മുന്നിൽ നിക്കുമ്പോഴും അസിസിന് വീടിന് സമീപമുള്ള വഴിയിൽ വെച്ചുമാണ് കടിയേറ്റത്. അസീസിന് കൈക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേരേയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാട്ടുകാർ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും നായയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പേവിഷബാധ ഗുരുതര വിഷയമായി മാറിയ സാഹചര്യത്തിൽ നിയന്ത്രണ വിധേയമാക്കാനായി സര്‍ക്കാര്‍ കര്‍മ്മപദ്ധതി പ്രഖ്യാപിച്ചു. തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളത്തുനായകളുടെ വാക്‌സിനേഷനും ലൈസന്‍സും നടപ്പിലാക്കുന്നുന്നുണ്ടോയെന്ന് ഉറപ്പാക്കും. ആരോഗ്യ, തദ്ദേശസ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. പല ജില്ലകളിലും നായകളുടെ ആക്രമണം മൂന്നിരട്ടിയോളം വര്‍ധിച്ച സാഹചര്യത്തിൽ മന്ത്രിമാരായ എംവി ഗോവിന്ദൻ, വീണാ ജോര്‍ജ്ജ്, ജെ ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേര്‍ന്നു. എല്ലാ പ്രധാന ആശുപത്രികളിലും വാക്‌സിന്‍ ഉറപ്പ് വരുത്താനും തീരുമാനമായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam