
തൃശൂര്‍: ജീവിതത്തിൽ കയ്ച്ചലാവാനുള്ള പ്ലാനിങ് നടത്തുന്ന കൊച്ചുമിടുക്കൻമാര്‍ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. 'ജീവിതത്തിൽ കൈച്ചിലാവാനുള്ള പ്ലാനിംഗിലാണ്, കൈച്ചിലാവോന്ന് നമുക്കറിയൂല്ല, പക്ഷേ പ്ലാനിംഗ് ഡെയ്ലി നടക്കുന്നുണ്ട്' എന്നായിരുന്നു കുട്ടികൾ പറഞ്ഞത്.
ഈ വീഡിയോക്ക് പിന്നാലെ കുട്ടികളോട് കയ്ച്ചലാവാൻ ചില പ്രതിജ്ഞകൾ എടുക്കണമെന്ന് ഉപദേശിക്കുകയാണ് തൃശൂര്‍ സിറ്റി പൊലീസ്. ഈ മക്കളോടും നിങ്ങളോടും പറയാനുള്ളത്, ജീവിതം കയ്ച്ചിലാക്കാൻ അല്ലെങ്കിൽ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്ലാനിങ്ങിന്റെ ലിസ്റ്റിൽ ആദ്യം തന്നെ ഈ കാര്യങ്ങൾ തീര്‍ച്ചയായും ഉൾപ്പെടുത്തണം. ലഹരിക്കും സൈബര്‍ കുറ്റകൃത്യങ്ങൾക്കും ഇരയാകില്ല എന്ന പ്രതിജ്ഞയെടുക്കണം. എല്ലാവര്‍ക്കും ജീവിതത്തിൽ കയ്ച്ചലാവാൻ കഴിയട്ടെന്നും എന്നും വീഡിയോ ആശംസിക്കുന്നു.
ഇസാനെ വൈറലാക്കിയവ വീഡിയോ
ഇസാന്‍ മുഹമ്മദ് എന്ന ഇന്‍സ്റ്റഗ്രാമിലെ കുട്ടിത്താരമായിരുന്നു ഇത്തരമൊരു വീഡിയോ പങ്കുവച്ചത്. ജീവിതത്തിൽ രക്ഷപ്പെടാനുള്ള പ്ലാനിംഗിനേക്കുറിച്ച് സുഹൃത്തിനൊപ്പം നടത്തിയ നിരീക്ഷണമായിരുന്നു ഇസാനെ വൈറലാക്കിയത് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പെരാരി, ഫുട്ബോൾ താരം സി കെ വിനീത്, ഗായിക സിത്താര കൃഷ്ണകുമാർ, നടി സുരഭി ലക്ഷ്മി എന്നിവരടക്കം പ്രമുഖരുടെ ഒരു നീണ്ട നിര തന്നെയാണ് ഇസാന്റെ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയത്. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ അതിവേഗം വൈറലായി. ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.