ആഹാ മനോഹരം, ഒരു കുലയിൽ 4 കിലോ, തൃശൂരിൽ പഴുത്ത് തുടുത്ത് കുല കുലാ മുന്തിരി! 31 കാരന്‍റെ മനസും പോക്കറ്റും നിറയുന്ന സന്തോഷം

Published : Nov 01, 2025, 11:18 AM IST
Cambodian Grape

Synopsis

ഒരു വര്‍ഷം മുന്‍പാണ് കമ്പോഡിയന്‍ മുന്തിരിയുടെ ചെടികള്‍ എത്തിച്ച് റിതുല്‍ കൃഷി ആരംഭിക്കുന്നത്. മൂന്നുമാസം കഴിഞ്ഞപ്പോള്‍ പൂവിട്ട ചെടിയില്‍ ഇപ്പോള്‍ മുന്തിരികള്‍ തളിര്‍ത്ത് പഴുത്തു തുടങ്ങിയിരിക്കുന്നു. 35 ഓളം കുലകളാണ് പാകമായി കൊണ്ടിരിക്കുന്നത്

തൃശൂര്‍: പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കമ്പോഡിയന്‍ മുന്തിരി കൃഷി വിജയിച്ചതിന്റെ സന്തോഷത്തിലാണ് എറവിലെ മുപ്പത്തി ഒന്ന് വയസുള്ള യുവ കര്‍ഷകനായ റിതുൽ. ഒരു വര്‍ഷം മുന്‍പ് സമീപ ജില്ലയില്‍ നിന്ന് കൊണ്ടു വന്ന് നട്ട് നനച്ച് പരിപാലിച്ച കമ്പോഡിയന്‍ മുന്തിരികള്‍ ഓരോ കുലകളായി പഴുത്തു തുടങ്ങി. 15 -ാം വയസു മുതല്‍ കൃഷിയിടത്തില്‍ റിതുല്‍ സജീവമാണ്. ഡിഗ്രി പഠനത്തിന് ശേഷം പൂര്‍ണ്ണമായും കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പുതുമകള്‍ പരീക്ഷിക്കാനും ചെറിയ ഇടങ്ങളില്‍ പോലും മികച്ച രീതിയില്‍ കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കാം എന്നും റിതുല്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു.

റിതുലിന്റെ കൃഷി രീതികള്‍

വീട് ഇരിക്കുന്ന 11 സെന്റ് സ്ഥലത്ത് മുഴുവന്‍ കൃഷിയാണ്. മഞ്ഞള്‍, ഇഞ്ചി, ചെണ്ടുമല്ലി, കറിവേപ്പില, ഡ്രാഗണ്‍ ഫ്രൂട്ട്, കറ്റാര്‍വാഴ, കൂവ, ചേമ്പ് തുടങ്ങി ഒട്ടനവധി ഇനങ്ങളും തേനീച്ച വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍, കോഴി, താറാവ്, പ്രാവ് എന്നിവയുമുണ്ട്. അഞ്ച് പശുക്കളും കിടാരിയും ഒപ്പം രണ്ടേക്കറില്‍ കൃഷിയും റിതുല്‍ ചെയ്തു വരുന്നു. കൃഷികളെല്ലാം വീടിനു ചുറ്റും ചേര്‍ന്നുള്ള പറമ്പിലുമാണ്. ജൈവവളങ്ങള്‍ ഉപയോഗിച്ചാണ് റിതുലിന്റെ കൃഷി രീതികള്‍. പഞ്ചായത്തിലെ മികച്ച രൂപ കര്‍ഷകന്‍, മികച്ച ജൈവ കര്‍ഷകന്‍, കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പുരസ്‌കാരങ്ങള്‍ തുടങ്ങി ഒട്ടനവധി അവാര്‍ഡുകള്‍ റിതുലിനെ തേടിയെത്തിയിട്ടുണ്ട്.

കമ്പോഡിയൻ മുന്തിര ക‍ൃഷി തുടങ്ങിയത് ഒരു വർഷം മുന്നേ

ഒരു വര്‍ഷം മുന്‍പാണ് കമ്പോഡിയന്‍ മുന്തിരിയുടെ ചെടികള്‍ എത്തിച്ച് റിതുല്‍ കൃഷി ആരംഭിക്കുന്നത്. മൂന്നുമാസം കഴിഞ്ഞപ്പോള്‍ പൂവിട്ട ചെടിയില്‍ ഇപ്പോള്‍ മുന്തിരികള്‍ തളിര്‍ത്ത് പഴുത്തു തുടങ്ങിയിരിക്കുന്നു. 35 ഓളം കുലകളാണ് പാകമായി കൊണ്ടിരിക്കുന്നത്. കമ്പോഡിയന്‍ ഇനത്തിൽ ഒരു കുലയില്‍ 4 കിലോ വരെ മുന്തിരികള്‍ ലഭിക്കും. കമ്പോഡിയന്‍ മുന്തിരി കൃഷി വിജയിച്ച സാഹചര്യത്തില്‍ കൂടുതല്‍ കൃഷി ചെയ്യാനാണ് റിതുലിന്റെ പദ്ധതി. നിരവധി പേരാണ് റിതുലിന്റെ കൃഷിത്തോട്ടം സന്ദര്‍ശിക്കാന്‍ എത്തുന്നത്. അരിമ്പൂര്‍ എറവ് ചാലിശ്ശേരി കുറ്റൂക്കാരന്‍ ദേവസ്സിയുടെയും എല്‍സിയുടെയും മകനാണ് റിതുല്‍.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ