'അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചു, അനീഷ 2 തവണ ഗർഭിണിയായതും പ്രസവിച്ചതും കൂടെ താമസിച്ച അമ്മയോ അയൽക്കാരോ അറിഞ്ഞില്ല': ദുരൂഹത

Published : Jun 30, 2025, 08:01 AM IST
Aneesha murder case accused

Synopsis

അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗർഭകാലവും പ്രസവവും അമ്മയോ അയൽവീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴി ഇപ്പോഴും ദുരൂഹമാണ്.

തൃശൂർ: തൃശൂരില്‍ നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രണയ ബന്ധത്തെ തുടർന്ന് ഗർഭിണിയായ രഹസ്യം നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാൻ അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് അനീഷ നടന്നിരുന്നതെന്ന് പൊലീസ്. 2020 ലാണ് സമൂഹമാധ്യമത്തീലൂടെ പരിചയപ്പെട്ട ഭവിനുമായി അനീഷ പ്രണയത്തിലാവുന്നത്. തുടർന്നാണ് 2021 ൽ ആദ്യ ആൺകുഞ്ഞിനെ പ്രസവിക്കുന്നത്. നൂലുവള്ളിയിലെ വീട്ടിലെ കുളിമുറിയിൽ വെച്ച് പ്രസവിച്ച കുഞ്ഞ് പൊക്കിൾകൊടി കഴുത്തിൽ ചുറ്റിയതിനെ തുടർന്ന് മരിച്ചിരുന്നതായി അനീഷ പൊലീസിനോട് പറഞ്ഞു. ഈ കുട്ടിയെ അനീഷ വീട്ടുപറമ്പിൽ രഹസ്യമായി കുഴിച്ചിടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി.

എട്ടു മാസത്തിനുശേഷം കുട്ടിയുടെ അസ്ഥി ഭവിന് കൈമാറിയിരുന്നു. അനീഷ ആദ്യം ഗർഭിണിയായിരുന്നതും മരിച്ച കുഞ്ഞിനെ വീടിനോട് ചേർന്ന പറമ്പിൽ കുഴിച്ചിട്ടതും സംബന്ധിച്ച് സമീപവാസികൾക്ക് സംശയമുള്ളതായി ഇവർ കരുതിയിരുന്നു. അനീഷ വീടിന്റെ പിന്നില്‍ കുഴിയെടുക്കുന്നത് കണ്ടതായി അയല്‍വാസി ഗിരിജ വെളിപ്പെടുത്തിയിരുന്നു. ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നത് കണ്ടിരുന്നു. തന്നെ കണ്ടതും അനീഷ വീട്ടിലേയ്ക്ക് കയറിപ്പോയെന്നും ഗിരിജ പറഞ്ഞു. ആദ്യ കുട്ടിയെ മറവ് ചെയ്ത സംഭവമാകാം ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.

പിന്നീട് സംഭവത്തിൽ അന്വേഷണമോ സംശയമോ ഉണ്ടായാൽ തെളിവില്ലാതെയിരിക്കാനാണ് മൃതദേഹം കുഴിച്ചിട്ടിടത്ത് നിന്ന് അസ്ഥി എടുത്ത് ഭവിനെ ഏൽപ്പിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം .ഭവിൻ സംഭവം ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു എന്ന സൂചനയും അനീഷയെ അലട്ടിയിരുന്നു. എന്നാൽ ഭവിന്‍റെ സുഹൃത്തുക്കൾ പറഞ്ഞതു പ്രകാരം മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥി കടലിൽ നിമജ്ജനം ചെയ്യാൻ വാങ്ങിയെന്നാണ് അനീഷ പൊലീസിന് നൽകിയ മൊഴി. എന്നാൽ എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാൽ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്ന് ഭവിൻ കരുതിയിരുന്നതുകൊണ്ടാണ് അസ്ഥി സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

പിന്നീടും ഭവിനുമായി ബന്ധം തുടർന്ന അനീഷ 2024-ൽ വീണ്ടും ഗർഭിണിയായി. ഏപ്രിൽ 24-ന് വീട്ടിലെ മുറിയിൽ വെച്ച് രണ്ടാമതും ഒരാൺകുഞ്ഞിനെ പ്രസവിച്ച അനീഷ കുഞ്ഞ് കരഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കുഞ്ഞിന്‍റെ മൃതദേഹം ഭവിന്‍റെ ആമ്പല്ലൂരിലെ വീട്ടുപറമ്പിൽ ഇരുവരും ചേർന്ന് രഹസ്യമായി കുഴിച്ചുമൂടിയെന്നാണ് അനീഷ പൊലീസിനോട് പറഞ്ഞത്. പ്രസവശേഷം കുഞ്ഞിന്‍റെ മൃതദേഹം സ്വന്തം സ്കൂട്ടറിലാണ് അനിഷ ഭവിന്‍റെ വീട്ടിലെത്തിച്ചതെന്ന് പറയുന്നു. എന്നാൽ അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗർഭകാലവും പ്രസവവും അമ്മയോ അയൽവീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴി ഇപ്പോഴും ദുരൂഹമായി തന്നെ തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്