തൃശ്ശൂര്‍ മേയര്‍ തെരഞ്ഞെടുപ്പ്; ഇടതുമുന്നണിയില്‍ അധികാര കൈമാറ്റവും തര്‍ക്കവും തുടരുന്നു; പുതിയ മേയര്‍ 12 ന്

By Web TeamFirst Published Dec 10, 2018, 4:24 PM IST
Highlights

ഗുരുവായൂരില്‍ സിപിഐയ്ക്ക് നഗരസഭാ അധ്യക്ഷ സ്ഥാനം ലഭിക്കാത്തതിനെ ചൊല്ലി മുന്നണിയില്‍ ഭിന്നത രൂക്ഷമായി. വനിതാ മതില്‍ സംഘാടനത്തെ കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന സിപിഐ, തുടര്‍ന്നങ്ങോട്ട് എല്ലാ മുന്നണി പരിപാടികളും ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു.

തൃശൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാര കൈമാറ്റം സംമ്പന്ധിച്ച് ഇടതുമുന്നണിയിലുണ്ടാക്കിയ ധാരണകള്‍ തര്‍ക്കങ്ങളിലേക്ക് വഴിമാറി. സിപിഎമ്മിന്റെയും സിപിഐയുടെയും ജില്ലാ നേതൃത്വങ്ങള്‍ ഒരു തലയ്ക്കല്‍ നിന്ന് രമ്യതയിലെത്തിക്കുമ്പോള്‍ മറുതല മുറുകുന്ന കാഴ്ചയാണ് തൃശൂരില്‍. 

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തില്‍ തര്‍ക്കങ്ങളില്ലാതെ ഇടതുമുന്നണി ധാരണ പ്രകാരം സിപിഐ അംഗം വൈസ് പ്രസിഡന്റായി. കോര്‍പറേഷനില്‍ സിപിഐക്ക് അവസരമൊരുക്കാന്‍ 12 ന് നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പും കോലാഹലമില്ലാതെ തീര്‍ന്നേക്കും. അതേസമയം, ഗുരുവായൂരില്‍ സിപിഐയ്ക്ക് നഗരസഭാ അധ്യക്ഷ സ്ഥാനം ലഭിക്കാത്തതിനെ ചൊല്ലി മുന്നണിയില്‍ ഭിന്നത രൂക്ഷമായി. വനിതാ മതില്‍ സംഘാടനത്തെ കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന സിപിഐ, തുടര്‍ന്നങ്ങോട്ട് എല്ലാ മുന്നണി പരിപാടികളും ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു.

ആര്‍ക്കും ഭൂരിപക്ഷമില്ലാതിരിക്കെ, കോണ്‍ഗ്രസ് വിമതയായ ശാന്തകുമാരിയെ  ചെയര്‍പേഴ്‌സണാക്കി സിപിഎം ഭരണം നിലനിര്‍ത്തിയ നഗരസഭയാണ് ഗുരുവായൂരിലേത്. ആദ്യ മൂന്ന് വര്‍ഷം ശാന്തകുമാരിക്കും പിന്നീട് ഒരു വര്‍ഷം സിപിഐയ്ക്കും അവസാന വര്‍ഷം സിപിഎമ്മിനും എന്ന രീതിയിലാണ് മുന്നണി ധാരണയുണ്ടാക്കിയതെന്ന് സിപിഐ വ്യക്തമാക്കുന്നു. എന്നാല്‍, ചെയര്‍പേഴ്‌സണ്‍ രാജി വയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐ കടുത്ത നടപടിയിലേക്ക് കടന്നത്. 

പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ വത്സരാജിന്റെ സാന്നിധ്യത്തില്‍ നടന്ന സിപിഐ യോഗത്തിലാണ് തീരുമാനമെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, നഗരസഭയില്‍ അന്തിമഘട്ടത്തിലെത്തിയ ഏതാനും പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ നിശ്ചയിച്ചിരിക്കുകയാണെന്നും അതിന് ശേഷം ചെയര്‍പേഴ്‌സണ്‍ രാജിവച്ചൊഴിയുമെന്നാണ് സിപിഎം വിശദീകരണം. മുന്നണി ധാരണകള്‍ തെറ്റിക്കില്ലെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.

അതേസമയം, ഇന്ന് നടന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിലായിരുന്നു കലാപം. കോണ്‍ഗ്രസിലെ ജയശങ്കറിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം ലീഗ് അംഗമായ ടി എ ആയിഷയ്ക്ക് നല്‍കണമെന്ന് ഡിസിസി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അറിയച്ചതോടെയാണ് കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് അടാട്ട് ഡിവിഷനില്‍ നിന്നുള്ള അജിത കൃഷ്ണന്‍ വോട്ടുചെയ്തില്ല.

സിപിഐയിലെ എന്‍ കെ ഉദയപ്രകാശാണ് എട്ടിനെതിരെ 20 വോട്ടുകള്‍ നേടി വിജയിച്ചത്. ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ നിയന്ത്രണത്തിലായിരുന്നു വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടപടികള്‍. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പുതിയ വൈസ് പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. നി

ലവില്‍ ജില്ലാ ആസൂത്രണ സമിതി അംഗം കൂടിയായ എന്‍ കെ ഉദയപ്രകാശ് കാട്ടൂര്‍ ഡിവിഷനില്‍ നിന്നുള്ള പ്രതിനിധിയാണ്. 2000 - 2005 കാലഘട്ടത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വിദ്യാര്‍ത്ഥിയായിരിക്കെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാനുമായിരുന്നു എന്‍ കെ ഉദയപ്രകാശ്. നിലവില്‍ സിപിഐയുടെ ഇരിങ്ങാലക്കുട മണ്ഡലം അസി.സെക്രട്ടറിയും കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. കോര്‍പറേഷനില്‍ സിപിഐയിലെ അജിത വിജയനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവുക.

click me!