'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു

Published : Dec 08, 2025, 09:31 AM IST
Suresh gopi

Synopsis

തൃശൂര്‍ എം.പി സുരേഷ് ഗോപി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്ക് ഫണ്ട് അനുവദിച്ചെന്ന വാദം പച്ചക്കള്ളമാണെന്ന് മന്ത്രി ആര്‍. ബിന്ദു. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്നും സുരേഷ് ഗോപി ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും മന്ത്രി. 

തൃശൂര്‍: വാസ്തവ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് തൃശൂര്‍ എം.പി. സുരേഷ് ഗോപി ശ്രമിക്കുന്നതെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ നാലാം നില സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് പറഞ്ഞു നടക്കുന്നത് പച്ചക്കള്ളമാണെന്നും മന്ത്രി പറഞ്ഞു. പൂർണമായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന നിര്‍മ്മിതിയാണ് ജനറല്‍ ആശുപത്രിയിലെ നവംബര്‍ ആറിന് ഉദ്ഘാടനം ചെയ്യപ്പെട്ട പ്രധാന കെട്ടിടം.

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയില്‍ എട്ടുകോടി രൂപയും നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടിയും ചേര്‍ന്ന് ആകെ 20 കോടി ചെലവിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചത്. ബേസ്‌മെന്റ് ഫ്‌ളോറും ഗ്രൗണ്ട് ഫ്‌ളോറും അടക്കം ആറ് നിലകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞത് ആര്‍ക്കും നേരില്‍ കാണാവുന്നതാണ്. ഇതിനായി ഒരു രൂപ പോലും തൃശൂര്‍ എം.പി. അനുവദിച്ചിട്ടില്ല. സുരേഷ് ഗോപി എം.പിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് തന്നെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് 2023 ജനുവരി 13ന് രണ്ടാം ഘട്ടം നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു.

നിര്‍മ്മാണ പ്രവര്‍ത്തികള്‍ എല്ലാം പൂര്‍ത്തീകരിച്ച ശേഷം നവംബര്‍ ആറിന് ഉദ്ഘാടന പരിപാടി നിശ്ച്ചയിച്ചതിന് പിന്നാലെ 2025 ഒക്‌ടോബര്‍ 20 രേഖപ്പെടുത്തിയ ഒരു കത്ത് ഒരു കേന്ദ്ര പൊതുമേഖല സ്ഥാപനത്തിന്റെ സി.എസ്.ആര്‍. ഫണ്ടില്‍നിന്നും തുക അനുവദിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ആശുപത്രി അധികൃതര്‍ക്ക് ലഭ്യമാകുകയാണ് ഉണ്ടായിട്ടുള്ളത്. അങ്ങിനെ ഒരു കത്ത് ലഭിച്ചു എന്നല്ലാതെ യാതൊരുവിധ തുടര്‍ നടപടികളും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. സുരേഷ് ഗോപി സ്വന്തം പേരില്‍ പറഞ്ഞു നടക്കുന്ന മറ്റെല്ലാ പദ്ധതികളും പോലെ ഇതിന്റെയും ഒരിഞ്ചുപോലും നിര്‍മ്മാണം ആരംഭിച്ചിട്ടുമില്ല. ഇത്തരം വ്യാജ പ്രസ്താവനകള്‍ കേന്ദ്ര മന്ത്രി എന്ന പദവിക്ക് ചേരുന്നതല്ല. ഇപ്രകാരം നുണപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ ബേസ്‌മെന്റ് ഫ്‌ളോര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നു മുതല്‍ നാല് വരെയുള്ള നിലകള്‍ എന്നിങ്ങനെ ആറ് നിലകളിലായാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്. ബേസ്‌മെന്റ് ഫ്‌ളോറില്‍ അത്യാഹിത വിഭാഗവും ഗ്രൗണ്ട് ഫ്‌ളോറില്‍ ഒ.പി., ഫാര്‍മസി, ലബോറട്ടറി എന്നീ വിഭാഗങ്ങളും ഒന്നാം നിലയില്‍ വാര്‍ഡുകളുമായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഓപ്പറേഷന്‍ തിയേറ്റര്‍ ബ്ലോക്ക് രണ്ടാം നിലയിലും ഐ.സി.യു. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് മൂന്നാം നിലയിലുമായിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ജനറല്‍ ആശുപത്രി ആയതുകൊണ്ട് തന്നെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍കൂടി പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ലിഫ്റ്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉള്‍പ്പെടെയുള്ള സിവില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സംവിധാനങ്ങളോടെയാണ് കെട്ടിടംപ്രവര്‍ത്തനക്ഷമമായിരിക്കുന്നത്. മന്ത്രി ഡോ. ആര്‍. ബിന്ദു കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്‌കാനിംഗിനിടെ അഴിച്ചുവെച്ച 5 പവന്റെ മാല തിരിച്ചെത്തിയപ്പോള്‍ കാണാനില്ല, സംഭവം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍; കേസ്
പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ പ്രത്യേക നിർദേശം