തൃശൂര്‍ പൂരത്തിന്റെ സുഗമമായ നടത്തിപ്പ്: ഉദ്യോഗസ്ഥരെ നിയോഗിച്ച് കലക്ടറുടെ ഉത്തരവ്

By Web TeamFirst Published Apr 15, 2024, 7:59 PM IST
Highlights

പ്രധാന ചടങ്ങുകളും സജ്ജീകരണങ്ങളും തുടര്‍ച്ചയായി പരിശോധിച്ച് അപാകതകള്‍ പരിഹരിച്ച് അടിയന്തരശ്രദ്ധ അര്‍ഹിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് കലക്ടർ.

തൃശൂര്‍: തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് പ്രധാന ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പൊതുജനങ്ങളുടെ സുരക്ഷ, തിരക്കു നിയന്ത്രിക്കല്‍, സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തല്‍, ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍, ദുരന്തനിവാരണ വകുപ്പിന്റെ മുന്‍കരുതലുകള്‍ എന്നിവ പരിശോധിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുമാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.

പ്രധാന ചടങ്ങുകളും സജ്ജീകരണങ്ങളും തുടര്‍ച്ചയായി പരിശോധിച്ച് അപാകതകള്‍ പരിഹരിച്ച് അടിയന്തരശ്രദ്ധ അര്‍ഹിക്കുന്ന കാര്യങ്ങള്‍ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. എല്ലാ ചടങ്ങുകളുടെയും സമ്പൂര്‍ണ മേല്‍നോട്ടവും നോഡല്‍ ഓഫീസറായും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളിയെ നിയോഗിച്ചു. പാറമേക്കാവ് സാമ്പിള്‍/ മുഖ്യ വെടിക്കെട്ട്, കുടമാറ്റം എന്നിവയുടെ ചുമതല സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്കും തിരുവമ്പാടി വിഭാഗം സാമ്പിള്‍/ മുഖ്യ വെടിക്കെട്ട് ചുമതല ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) അതുല്‍ എസ്. നാഥും വഹിക്കും.

മഠത്തില്‍ വരവ്, ഇലഞ്ഞിത്തറമേളം, പകല്‍പൂരം, പൂരപ്രദര്‍ശനം, കുടമാറ്റം, നടതുറക്കല്‍, ഘടകപൂരങ്ങള്‍ തുടങ്ങിയവ നടക്കുന്ന സ്ഥലങ്ങളിലും വെടിക്കോപ്പുശാലകളുടെ പരിശോധനയ്ക്കും ക്രമസമാധാന പരിപാലനം ഉറപ്പാക്കാന്‍ വിവിധ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍, നോഡല്‍ ഓഫീസര്‍, വെടിക്കെട്ട് സംബന്ധിച്ച പരിശോധനകളുടെ മേല്‍നോട്ടം വഹിക്കുന്ന ചാര്‍ജ് ഓഫീസര്‍മാര്‍, മറ്റു ചുമതല വഹിക്കുന്നവര്‍ക്കുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൊലീസും ഉറപ്പാക്കണം. ഡ്യൂട്ടിക്ക് നിയോഗിച്ച വാഹനങ്ങള്‍ക്ക് പ്രവേശനപാസ് അനുവദിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയും (സിറ്റി) നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

തൃശൂരില്‍ 4 ദിവസം കര്‍ശനനിയന്ത്രണങ്ങള്‍, വിസിലുകള്‍ക്കും നിരോധനം; പ്രത്യേക ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍ 

 

click me!