ഒരേ ഒരു സതീഷ്, തൃശൂർപൂരം വെടിക്കെട്ടിൽ 'സീൻ' മാറും; ആകാശവിസ്മയത്തിന് പാറമേക്കാവും തിരുവമ്പാടിയും ഒന്നിച്ച്

Published : Apr 12, 2024, 03:58 PM IST
ഒരേ ഒരു സതീഷ്, തൃശൂർപൂരം വെടിക്കെട്ടിൽ 'സീൻ' മാറും; ആകാശവിസ്മയത്തിന് പാറമേക്കാവും തിരുവമ്പാടിയും ഒന്നിച്ച്

Synopsis

രണ്ടായിരം കിലോഗ്രാം വീതമായി ഇരു വിഭാഗങ്ങള്‍ക്കുമായി 4000 കിലോഗ്രാം വെടിമരുന്നാണ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്.

തൃശൂര്‍: പൂരത്തിന്റെ ചരിത്രത്തിലാദ്യമായി പാറമേക്കാവും തിരുവമ്പാടിയും ഒരുമിച്ച് വെടിക്കെട്ട് നടത്താൻ തീരുമാനം. ഇരു ദേവസ്വങ്ങളുടേയും വെടിക്കെട്ട് നടത്തുന്നത് ഒരേ കരാറുകാരനായതിലാണ് ഒരുമിച്ച് വെടിക്കെട്ട് നടത്തുന്നത്. വര്‍ഷങ്ങളായി തിരുവമ്പാടിക്കു വേണ്ടി പതിവുകാരനായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷിനാണ് ആ സൗഭാഗ്യം കൈ വന്നിരിക്കുന്നത്. സതീഷിന്റെ അച്ഛന്‍ മണിപാപ്പനും തിരുവമ്പാടിയുടെ കരാറുകാരനായിരുന്നു. 

സാങ്കേതിക പ്രശ്‌നം മൂലം പാറമേക്കാവിന്റെ വെടിക്കെട്ടു കരാറുകാരനു ലൈസന്‍സ് നല്‍കാന്‍ പ്രയാസമായതോടെ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചര്‍ച്ചകളിലൂടെയാണ് ഒരേ കരാറുകാരന്‍ മതിയെന്നു തീരുമാനിച്ചത്. ഇരു വിഭാഗത്തിനുമായി കരാറില്‍ സതീഷ് ഒപ്പുവെച്ചു. തൃശൂര്‍ പൂരത്തിനു ശക്തമായ മത്സരം നടക്കുന്നതു കുടമാറ്റത്തിനും വെടിക്കെട്ടിനുമാണ്. അതീവ രഹസ്യമായാണു വെടിമരുന്നു തയാറാക്കുന്നതും പൊട്ടിക്കുന്നതും. പരിചയമില്ലാത്തവരെയോ മറുപക്ഷക്കാരെന്നു കരുതുന്നവരെയോ മുമ്പ് വെടിക്കെട്ടു പുരയിലേക്കു പോലും കടത്താറില്ലായിരുന്നു.

നഗരത്തിന് നടുവില്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്താണ് വെടിക്കെട്ട് നടത്തുന്നതതെന്നതും രാജ്യത്ത് സ്ഥിരമായ മാഗസീന്‍ (വെടിമരുന്ന് സംഭരണകേന്ദ്രം) ഉള്ളതും, സുരക്ഷാ സംവിധാനമായ ഫയര്‍ ഹൈഡ്രന്റ് സൗകര്യമുള്ളതും തൃശൂരില്‍ മാത്രമാണ്. രണ്ടായിരം കിലോഗ്രാം വീതമായി ഇരു വിഭാഗങ്ങള്‍ക്കുമായി 4000 കിലോഗ്രാം വെടിമരുന്നാണ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. ഇത്രയും വെടിമരുന്ന് ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്നത് തൃശൂര്‍ പൂരത്തിന് മാത്രമാണ്.

ഒരേ കരാറുകാരന്‍ വെടിക്കെട്ടൊരുക്കുന്നത് ഇതാദ്യമാണ്. സൗഹൃദ മത്സരാടിസ്ഥാനത്തില്‍ നടക്കുന്നതാണ് തൃശൂര്‍ പൂരം വെടിക്കെട്ട്. ഇരുവിഭാഗവും രഹസ്യമായി എന്താണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്നത് പൊട്ടിക്കഴിയുമ്പോള്‍ മാത്രമേ പൂരപ്രേമികള്‍ അറിയാറുള്ളൂ. ദേവസ്വങ്ങളുടെ വെടിക്കെട്ട് ചുമതലയുള്ള കമ്മിറ്റിക്കാര്‍ക്ക് പോലും ഇക്കാര്യം രഹസ്യമായിരിക്കും. 17നാണ് പൂരം സാമ്പിള്‍ വെടിക്കെട്ട്. പ്രധാന വെടിക്കെട്ട് 20ന് പുലര്‍ച്ചെ നടക്കും. ഉപചാരം ചൊല്ലിയതിന് ശേഷം ഉച്ചയ്ക്കും വെടിക്കെട്ട് ഉണ്ടാകും.

ലൈസന്‍സി ഒന്നാവുന്നതോടെ ഇരു കൂട്ടരും തങ്ങളുടേതായി സൂക്ഷിച്ചിരുന്ന രഹസ്യ ഇനങ്ങള്‍ ഇല്ലാതാവുമെന്ന ആശങ്കയുണ്ട്. ലൈസന്‍സികള്‍ക്കായുള്ള പരക്കംപാച്ചിലും മറ്റ് സാങ്കേതിക തടസങ്ങളും ഒഴിവാക്കാമെന്നതാണ് ദേവസ്വങ്ങളുടെ നേട്ടം. ഇതോടൊപ്പം ലൈസന്‍സി മാത്രേ ഒന്നായി ഉള്ളൂവെന്നും മറ്റ് ചുമതലക്കാരും പ്രവൃത്തികള്‍ ചെയ്യുന്നവരുമെല്ലാം ഇരുവിഭാഗത്തിനും വെവേറെയാണെന്നും അതുകൊണ്ട് രഹസ്യസ്വഭാവത്തിന് മാറ്റമൊന്നും ഉണ്ടാവില്ലെന്നും പുതുമകളുടെ വിസ്മയച്ചെപ്പ് തന്നെയാവും ഈ പൂരത്തിനും ആകാശമേലാപ്പില്‍ വിരിയുകയെന്ന് ദേവസ്വം ഭാരവാഹികള്‍ പറയുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടിച്ച് പൂസായി വഴക്ക്, അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് തലയ്ക്കടിച്ചു, മരണം; പ്രതി പിടിയിൽ
കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !