തൃശ്ശൂരിലെ നഴ്സുമാരുടെ സമരത്തെ തള്ളി മാനേജ്മെന്റുകൾ; 'ശമ്പളവർദ്ധനവിന് തയ്യാറായെന്ന പ്രചാരണം വ്യാജം'; അനിശ്ചിതകാല രാപ്പകൽ സമരവുമായി യുഎൻഎ

Published : Jul 07, 2026, 11:52 AM IST
thrissur una nurses strike

Synopsis

തങ്ങളുടെ മുൻ നിലപാടിൽ യാതൊരുവിധ മാറ്റവുമില്ലെന്ന് ഇരു മെഡിക്കൽ കോളജ് അധികൃതരും സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാനേജ്‌മെന്റ് കടുംപിടുത്തം തുടരുന്ന പശ്ചാത്തലത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് യു എൻ എയുടെ തീരുമാനം.

തൃശ്ശൂർ: തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളായ അമല, ജൂബിലി മിഷൻ എന്നിവിടങ്ങളിൽ യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ നടത്തിവരുന്ന സമരത്തെ പൂർണ്ണമായി തള്ളി മാനേജ്‌മെന്റുകൾ. ശമ്പളവർദ്ധനവിന് അമല മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് തയ്യാറായെന്നും അവിടെ സമരം അവസാനിച്ചെന്നുമുള്ള രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന പ്രചാരണങ്ങൾ തികച്ചും വ്യാജമാണെന്ന് അമല മാനേജ്‌മെന്റ് വ്യക്തമാക്കി. നഴ്സുമാരുടെ ശമ്പളകാര്യത്തിൽ സർക്കാർ നിശ്ചയിക്കുന്ന പൊതുവായ മാനദണ്ഡങ്ങൾ മാത്രമേ പാലിക്കുകയുള്ളൂവെന്ന തങ്ങളുടെ മുൻ നിലപാടിൽ യാതൊരുവിധ മാറ്റവുമില്ലെന്ന് ഇരു മെഡിക്കൽ കോളജ് അധികൃതരും സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതേസമയം, മാനേജ്‌മെന്റ് കടുംപിടുത്തം തുടരുന്ന പശ്ചാത്തലത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് യു എൻ എയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അമല മെഡിക്കൽ കോളജിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിക്കുമെന്ന് യു എൻ എ നേതൃത്വം പ്രഖ്യാപിച്ചു.

സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് മാനേജ്‌മെന്റ് പ്രതിനിധികൾ. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ പുതിയ ക്രമീകരണങ്ങൾ തുടങ്ങിയതായും അവർ വിശദീകരിച്ചു. നിലവിൽ സമരം ചെയ്യുന്ന നഴ്സുമാർ കഴിഞ്ഞ മൂന്നുമാസമായി കൃത്യമായി സേവനത്തിനെത്താത്ത സാഹചര്യമാണ്. ആശുപത്രി പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ഇവർക്ക് പകരമായി പുതിയ ആളുകളെ മാനേജ്‌മെന്റ് നിയമിച്ചുതുടങ്ങിയിട്ടുണ്ട്. നിലവിൽ സമരം അവസാനിപ്പിച്ച് തിരികെ ജോലിയിൽ പ്രവേശിക്കാൻ തയ്യാറായി വരുന്ന ജീവനക്കാരെ പെട്ടെന്ന് തിരിച്ചെടുക്കാൻ സാധിക്കില്ല. ആശുപത്രിയിലെ നിലവിലുള്ള ഒഴിവുകൾ അനുസരിച്ച് മാത്രമേ ഇവർക്ക് പുനർനിയമനം നൽകുകയുള്ളൂ. സമരരംഗത്തുള്ള എല്ലാവരെയും ഒന്നിച്ച് ഉൾക്കൊള്ളാനുള്ള സാഹചര്യം ഇപ്പോൾ ആശുപത്രികളിൽ ഇല്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറും ഏഴും വയസുള്ള മക്കൾക്ക് എലിവിഷം നൽകി, പിന്നാലെ ആത്മഹത്യ ശ്രമം; ചികിത്സയിലായിരുന്ന പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
കൂത്താട്ടുകുളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധികൻ ലോറിയിടിച്ച് മരിച്ചു, അപകടം വീടിന് മുന്നിൽ; ലോറി ഡ്രൈവർ ഓടിപ്പോയെന്ന് ദൃക്സാക്ഷികൾ