
തിരുവനന്തപുരം: മികവിന്റെ പാതയിൽ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. ഒൻപത് മാസത്തിനിടെ 4191 പ്രസവങ്ങൾ എടുത്ത് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മികവിന്റെ പാതയിൽ മുന്നേറുകയാണ്. 2018 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്ക് പ്രകാരം ആശുപത്രിയിൽ 2647 സുഖപ്രസവങ്ങൾ നടന്നു. ഈ കാലയളവിൽ 3440 ആളുകളാണ് ആശുപത്രിയിൽ ഐ.വി.എഫ് വന്ധ്യതാ ചികിത്സയ്ക്ക് വിധേയരായത്. ചികിത്സയുടെ ഫലമായി ഇതിൽ 1474 പേർ ഗർഭിണികളായി.
ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുട്ടികൾക്കും നവജാത ശിശുക്കളുടെ തുടർ ചികിത്സ ലഭ്യമാക്കുന്നതിനായുള്ള സംവിധാനം ഇവിടെ ലഭ്യമാണ്. കുഞ്ഞു ജനിച്ച് 24 മുതൽ 48 മണിക്കൂറിനുള്ളിൽ ജനിതക വൈകല്യങ്ങൾ കണ്ടെത്തി മൊബൈൽ ആപ്ലിക്കേഷൻ വഴി ഇവിടെ അപ്‌ലോഡ് ചെയ്യുന്നുണ്ട്. കണ്ടെത്തുന്ന വൈകല്യങ്ങൾ ഫോട്ടോ സഹിതം ആപ്ലിക്കേഷനിലേക്ക് അപ്ലോഡ് ചെയ്യപ്പെടുന്നു. ഓരോ കുഞ്ഞുങ്ങൾക്കും നൽകിയിരിക്കുന്ന നമ്പർ വഴി ഡോക്ടർമാർക്കും നഴ്‌സുമാർക്കും കുഞ്ഞിന്റെ വിവരങ്ങൾ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിയുടെ പ്രവർത്തനം ആശുപത്രിയിൽ ലഭ്യമാണ്. വന്ധ്യതാ ചികിത്സയ്ക്കുള്ള മരുന്നുകൾ ഇവിടെ പൂർണമായും സബ്‌സിഡി നിരക്കിൽ ലഭ്യമാണ്.
1814ലാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. അന്ന് ഒരു ഡിസ്‌പെൻസറി ആയി ആരംഭിച്ച ആശുപത്രിയിൽ ഇന്ന് 17 ഗൈനക്കോളജിസ്റ്റുമാരുടെയും 4 ശിശുരോഗവിദഗ്ധരുടെയും സേവനം ലഭ്യമാണ്. ആശുപത്രിയിലെ ഉടൻ ഉദ്‌ഘാടനം നടത്തുന്ന മാതൃ ശിശു ബ്ലോക്കിൽ എസ്.എന്‍.സി.യു., പി.പി. യൂണിറ്റ്, ലാബ്, ബ്ലഡ്ബാങ്ക്, ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ആണ് പദ്ധതിയിടുന്നത്. കേന്ദ്ര സർക്കാരിന്റെ ലക്ഷ്യ അംഗീകാരം ലഭിക്കുന്നതിയിന്റെ ഭാഗമായി 1.60 കോടി രൂപ വിനിയോഗിച്ചുള്ള ലേബര്‍റൂം കോപ്ലക്‌സസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കും. ആശുപത്രിയിലെ നവീകരിച്ച അമ്മയും കുഞ്ഞും ബ്ലോക്കിന്റെ ഉദ്ഘടനം ഉടൻ നടത്താനാണ് ലക്ഷ്യമിടുന്നത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam