വയനാട്ടില്‍ യുവാവിന് നേരെ കടുവ പാഞ്ഞടുത്തു; ഓട്ടത്തിനിടയില്‍ കിങ്ങില്‍ വീണു, രക്ഷപ്പെട്ടത് തലനാരിഴക്ക്

By Web TeamFirst Published Jan 19, 2023, 8:56 PM IST
Highlights

വീടിന് കുറച്ചകലെ ഓട്ടോയില്‍ വന്നിറങ്ങിയ യുവാവ് കുറച്ചു ദൂരം നടന്നെങ്കിലും ബാഗ് വാഹനത്തില്‍ വെച്ച് മറന്നു പോയിരുന്നു. ഇക്കാര്യം ഓട്ടോക്കാരനോട് ഫോണില്‍ അറിയിച്ച് ബാഗ് എടുത്ത് തിരികെ വരുന്നതിനിടെയായിരുന്നു ആക്രമണം.

കല്‍പ്പറ്റ: കേണിച്ചിറക്ക് അടുത്ത് പൂതാടി പഞ്ചായത്തില്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു. പതിനഞ്ചാം വാര്‍ഡായ അതിരാറ്റുകുന്നില്‍ ഉള്‍പ്പെടുന്ന പരപ്പനങ്ങാടിയിലെ വാളാഞ്ചേരി മോസ്‌കോ കുന്നിലാണ് സംഭവം. ഇവിടെയുള്ള ആദിവാസി സമരഭൂമിയില്‍ താമസിക്കുന്ന ബിനു (20) ആണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവമെങ്കിലും ഇന്നാണ് അധികൃതര്‍ വിവരമറിയുന്നത്. ബിനു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ആക്രമണം. 

വീടിന് കുറച്ചകലെ ഓട്ടോയില്‍ വന്നിറങ്ങിയ യുവാവ് കുറച്ചു ദൂരം നടന്നെങ്കിലും ബാഗ് വാഹനത്തില്‍ വെച്ച് മറന്നു പോയിരുന്നു. ഇക്കാര്യം ഓട്ടോക്കാരനോട് ഫോണില്‍ അറിയിച്ച് ബാഗ് എടുത്ത് തിരികെ വരുന്നതിനിടെയായിരുന്നു ആക്രമണം. ബിനുവിന് മുകളിലേക്ക് ചാടിയെങ്കിലും ഇയാള്‍ സമീപത്തെ ചാലില്‍ വീണുപോയതിനാല്‍ കടുവക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ബിനു പറയുന്നു. ഇതിനിടെ സമീപത്തെ മരത്തില്‍ വലിഞ്ഞ് കയറിയതിനാലാണ് രക്ഷപ്പെട്ടതെന്നും സംഭവസ്ഥലത്തെത്തിയ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍എ, വനംവകുപ്പ്. പഞ്ചായത്ത് അധികാരികള്‍ എന്നിവരോട് ബിനു വിവരിച്ചു. 

വ്യാഴാഴ്ച രാവിലെ തന്നെ എം.എല്‍.എയും വനപാലകരും എത്തി ബിനുവിനെ കേണിച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തില്‍ കൈയില്‍ ചെറിയ മുറിവ് പറ്റിയിട്ടുണ്ട്. അതേ സമയം പ്രദേശത്ത് മുമ്പും നിരവധി തവണ കടുവയെ കണ്ടിരുന്നതായി പഞ്ചായത്തംഗം സ്മിത സജി ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഒരു മാസമായി കടുവ നിരന്തരം പ്രദേശത്ത് എത്തുന്നുണ്ട്. രണ്ട് ദിവസം മുമ്പ് കൊളേരിയില്‍ ബൈക്ക് യാത്രികര്‍ കടുവക്ക് മുമ്പിലകപ്പെട്ടിരുന്നു. 

രണ്ടാഴ്ച മുമ്പ് എട്ടാം വാര്‍ഡായ തോത്തിലേരിയിലും കടുവയെത്തി. ഈ മാസം മൂന്നിന് മോസ്‌ക്കോക്കുന്നിലെ ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി നാട്ടുകാരെ ആക്രമിക്കാനൊരുങ്ങിയ സംഭവവും ഉണ്ടായി. എം.എല്‍.എയെ കൂടാതെ പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു, ചെതലയം റേഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ്, ബീറ്റ്‌ഫോറസ്റ്റ് ഓഫിസര്‍ താരാനാഥ്, വാര്‍ഡ് അംഗം സ്മിത സജി തുടങ്ങിയവരും മോസ്‌കോ കുന്നിലെത്തി പരിശോധന നടത്തി. പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു.

Read More : തട്ടേക്കാട്, പമ്പാവാലി, ഏഞ്ചല്‍വാലി; ജനവാസമേഖലകളെ വന്യജീവി സങ്കേതങ്ങളിൽ നിന്നും ഒഴിവാക്കാൻ തീരുമാനം

click me!