നൂല്‍പ്പുഴയിലെ കടുവ രണ്ടാമത്തെ പശുവിനെയും ആക്രമിച്ചു; ക്യാമറയുമായി പിന്നാലെ വനംവകുപ്പ്

Web Desk   | Asianet News
Published : Mar 09, 2022, 06:48 AM IST
നൂല്‍പ്പുഴയിലെ കടുവ രണ്ടാമത്തെ പശുവിനെയും ആക്രമിച്ചു; ക്യാമറയുമായി പിന്നാലെ വനംവകുപ്പ്

Synopsis

കടുവയുടെ മുന്‍കാല്‍ കൊണ്ടുള്ള അടിയില്‍ പശുവിന്റെ നട്ടെല്ല് തകര്‍ന്നുപോയതായി പഞ്ചായത്തംഗം സണ്ണി പറഞ്ഞു. ആക്രമിക്കപ്പെട്ട പശുവിന് സമീപമുണ്ടായിരുന്ന മറ്റൊരു പശു ഉച്ചത്തില്‍ കരഞ്ഞതോടെയാണ് ഉടമസ്ഥനായ മധു കാര്യമറിയുന്നത്.

സുല്‍ത്താന്‍ബത്തേരി: വെറും അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം നൂല്‍പ്പുഴ പഞ്ചായത്തിന്റെ മറ്റൊരു ഭാഗത്ത് വീണ്ടും കടുവ പശുവിനെ ആക്രമിച്ചു. നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊട്ടനോടാണ് പുതിയതായി കടുവയുടെ സാന്നിധ്യമുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. കൊട്ടനോട് മധുവിന്റെ ആറ് വയസോളം പ്രായം വരുന്ന പശുവാണ് ആക്രമണത്തിനിരയായത്. 

കടുവയുടെ മുന്‍കാല്‍ കൊണ്ടുള്ള അടിയില്‍ പശുവിന്റെ നട്ടെല്ല് തകര്‍ന്നുപോയതായി പഞ്ചായത്തംഗം സണ്ണി പറഞ്ഞു. ആക്രമിക്കപ്പെട്ട പശുവിന് സമീപമുണ്ടായിരുന്ന മറ്റൊരു പശു ഉച്ചത്തില്‍ കരഞ്ഞതോടെയാണ് ഉടമസ്ഥനായ മധു കാര്യമറിയുന്നത്. എന്നാല്‍ പശുക്കള്‍ക്ക് സമീപം എത്തുന്നതിന് മുമ്പേ തന്നെ കടുവ കാടിനുള്ളിലേക്ക് രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് രാത്രിയോടെ പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

കഴിഞ്ഞ മൂന്നാം തീയ്യതി 17-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഏറളോട്ടുകുന്നിലും സമീപത്തും എത്തിയ കടുവയാണോ കൊട്ടനോടും വന്നതെന്ന കാര്യം ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ നോക്കി മാത്രമെ പറയാനാകൂവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. കടുവയെത്തിയ സ്ഥലത്ത് നിന്ന് തെല്ല് മാറി കൊട്ടനോട് കുറുമ കോളനി സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ വനംവകുപ്പിന്റെ നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് ആവശ്യപ്പെട്ടതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 

അതേ സമയം നായ്‌ക്കെട്ടി ഇല്ലിച്ചോടും പരിസരങ്ങളിലും സ്ഥിരമായി എത്തിയിരുന്ന കടുവ ഈ ഭാഗത്ത് കൂട് സ്ഥാപിച്ചതോടെ ഇവിടെ നിന്നും അപ്രത്യക്ഷമായതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. നാട്ടിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് ശീലമാകുന്ന കടുവകള്‍ ഉള്‍ക്കാട്ടിലേക്ക് പോകാന്‍ സാധ്യതയില്ലെന്നും ജനവാസ പ്രദേശങ്ങള്‍ക്ക് സമീപം നിലയുറപ്പിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രാത്രിയാകുന്നതോടെ കാപ്പിത്തോട്ടങ്ങളിലേക്കും കുറ്റിക്കാടുകളിലേക്കും ചേക്കേറുന്ന ഇവ ഇവിടെ നിന്നെത്തിയാണ് വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീവനെടുത്തത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍; വിദ്യാര്‍ത്ഥിനിയുടെ ദാരുണാന്ത്യത്തില്‍ തേങ്ങി നാട്, വിട നൽകാൻ ആയിരങ്ങൾ
അമ്മച്ചി ചുമ്മാ 'തീ'യെന്ന് സോഷ്യൽ മീഡിയ; ഫൂട്ട്പാത്തിലേക്ക് ബൈക്ക് കയറ്റിയ യാത്രികനെ വിരട്ടിയ പ്രഭാവതിയമ്മക്ക് അഭിനന്ദന പ്രവാഹം