പുരാവസ്തു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കലിന്റെ പിടിച്ചെടുത്ത ആഡംബര കാറുകൾ പൊളിക്കുന്നതിനായി കൊണ്ടുപോയി. ഒരു വർഷം മുൻപ് ലേലം ചെയ്ത പോർഷെ, ബെൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ആലുവയിലേക്ക് മാറ്റി പൂർണമായും പൊളിച്ച് റീസൈക്കിൾ ചെയ്യും.

ചേർത്തല: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കലിന്‍റെ ആഡംബര കാറുകൾ പൊളിക്കാൻ കൊണ്ടുപോയി. ഒരു വർഷം മുമ്പ് ലേലം ചെയ്ത വാഹനങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇപ്പോൾ മാറ്റുന്നത്. ഇക്കൂട്ടത്തിലുള്ള കാരവാൻ ബുധനാഴ്ച കൊണ്ടുപോകും. പോർഷെ, ബെൻസ്, ലാൻഡ് ക്രൂയിസർ, ലെക്സസ് ഉൾപ്പെടെ ആറ് വാഹനങ്ങളാണ് ഇപ്പോൾ ആലുവയിലേക്ക് മാറ്റുന്നത്. ഉപയോഗിക്കാനോ സർവീസ് ചെയ്യാനോ സാധിക്കാത്തതിനാൽ ഇവ പൂർണമായും പൊളിച്ച് ആക്രിയാക്കിയ ശേഷം റീസൈക്കിൾ ചെയ്യുമെന്ന് കരാറുകാർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗവൺമെന്‍റ് അംഗീകാരമുള്ള എം എസ് ടി സി കമ്പനി വഴി ലീഗൽ ഓക്ഷൻ എക്സ്ചേഞ്ച് 2025ൽ ലേലത്തിൽ വാങ്ങിയ 9600 വാഹനങ്ങളുടെ ഭാഗമാണിത്. കോഴിക്കോട് സ്വദേശികൾ ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോൻസൻ മാവുങ്കൽ ഉപയോഗിച്ചിരുന്ന കാറുകൾ ചേർത്തല പൊലീസ് പിടിച്ചെടുത്തത്.

പുരാവസ്തു വിൽപ്പനക്കാരനാണെന്ന് വിശ്വസിപ്പിച്ച് 2017 ജൂൺ മുതൽ 2020 നവംബർ വരെ പത്തുകോടി രൂപ തട്ടിയെടുത്തു എന്ന് കാണിച്ച് ആറുപേർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലായിരുന്നു ചേർത്തല വല്ലയിൽ മാവുങ്കൽ വീട്ടിൽ മോൻസനെ (52) അറസ്റ്റ് ചെയ്തത്. മകളുടെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ ചേർത്തലയിലെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്. പിന്നീട് പോക്സോ കേസ് കൂടി തെളിഞ്ഞതോടെ മോൻസൻ മാവുങ്കൽ ഇപ്പോൾ ജയിലിൽ കഴിയുകയാണ്.