ഇരപിടിക്കാന്‍ ആരോഗ്യമില്ല, കണ്ണിന് തിമിരം; ഇടുക്കിയില്‍ കെണിയിലായ കടുവയെ ഇനി എന്ത് ചെയ്യും, ആശയക്കുഴപ്പം

By Web TeamFirst Published Oct 5, 2022, 2:28 PM IST
Highlights

ഒന്‍പതുവയസുള്ള പെണ്‍കടുവയാണ് ഇന്നലെ പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടവുയുടെ ഇടതുകണ്ണിന് ഗുരുതര രീതിയില്‍ തിമിരം ബാധിച്ചതിനാല്‍ കാഴ്ച്ച ഏതാണ്ട് നഷ്ടപെട്ടതായി കണ്ടെത്തിയത്.

ഇടുക്കി: മൂന്നാറിൽ നയ്മക്കാട്  വനംവകുപ്പിന്‍റെ കെണിയില്‍ കുടുങ്ങിയ കടുവക്ക്   ഇര പിടിക്കാനുള്ള  ആരോഗ്യമില്ലെന്ന് വിദഗ്ധസമിതിയുടെ പരിശോധന റിപ്പോര്‍ട്ട്.  ഇടതുകണ്ണിന് തിമിരം ബാധിച്ചതിനാല്‍  സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി ചികില്‍സ നല്‍കണമെന്നാണ് സമിതിയുടെ ശുപാര്‍ശ.  അതേസമയം കടുവയുടെ എണ്ണം കുറവുള്ള  ഉള്‍കാട്ടിലേക്ക് മാറ്റുന്നതിനെകുറിച്ചും വനംവകുപ്പ് ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണ് വനം വകുപ്പ്.

കഴിഞ്ഞ ദിവസമാണ് നയ്മക്കാടിനെ ഏറെ നാള്‍ ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പിന്‍റെ കെണിയിലായത്. ഒന്‍പതുവയസുള്ള പെണ്‍കടുവയാണ് ഇന്നലെ പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടുവയുടെ ഇടതുകണ്ണിന് ഗുരുതര രീതിയില്‍ തിമിരം ബാധിച്ചതിനാല്‍ കാഴ്ച്ച ഏതാണ്ട് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതാകാം ജനവാസ കേന്ദ്രങ്ങളിലിറങ്ങി കെട്ടിയിട്ടിരിക്കുന്ന വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചതിന് കാരണമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. 

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്റിനറി സര്‍ജ്ജന്‍മാരുടെ വിദഗ്ധ സംഘം കടുവയുടെ ആരോഗ്യനില പരിശോധിച്ചു. പരിശോധനക്ക് ശേഷം തീരുമാനമെടുക്കേണ്ട കമ്മിറ്റിക്ക് സംഘം  നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്. കടുവക്ക് ഇര തേടാനുള്ള ആരോഗ്യമില്ല,  അതുകൊണ്ടുതന്നെ  കാട്ടില്‍ തുറന്നുവിട്ടാല്‍ വീണ്ടും ജനവാസ കേന്ദ്രങ്ങളിലെത്തിയേക്കം. അതിനാല്‍ സാധിക്കുമെങ്കില്‍ വയനാട്ടിലെയോ, തൃശൂരോ ഉള്ള കടുവ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ഇതിന് ബുദ്ധിമുട്ടുണ്ടായാല്‍  കടുവകള്‍ കുറവുള്ള ഇരകള്‍ കൂടുതലുള്ള ഏതെങ്കിലും ഉള്‍ക്കാട്ടിലേക്ക് മാറ്റണം. അങ്ങനെ ചെയ്യുന്പോഴും റേഡിയോ കോളര്‍ ഘടുപ്പിച്ചിരിക്കണം. ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച ശേഷമാകും കമ്മിറ്റി തീരുമാനമെടുക്കുക.

രണ്ടാഴ്ചക്കിടെ 13 വളര്‍ത്തുമൃഗങ്ങളെ ആണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഒരു വീട്ടില അഞ്ച് പശുക്കളെ അടക്കം കടുവ കൊലപ്പെടുത്തിയതോടെ നയ്മക്കാട് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് കടുവയെ പിടികൂടാനായി കെണിയൊരുക്കിയത്. അതേസമയം പിടിയിലായ കടുവയല്ലാതെ ഇനിയും കടുവയുണ്ടെന്ന് നയ്മക്കാട്ടെ നാട്ടുകാര്‍ വനപാലകരെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുന്ന ദിവസങ്ങളിലും പ്രദേശത്ത്  ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടാകും.

Read More : നയ്മക്കാട് നിവാസികള്‍ക്ക് ആശ്വാസം; കെണിയിൽ കുടുങ്ങിയ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ തന്നെ

tags
click me!