Asianet News MalayalamAsianet News Malayalam

നയ്മക്കാട് നിവാസികള്‍ക്ക് ആശ്വാസം; കെണിയിൽ കുടുങ്ങിയ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ തന്നെ

വെറ്റിനറി സർജൻ അടങ്ങിയ വിദഗ്ധസംഘം  ഇന്ന് സ്ഥലത്തെത്തി കടുവയെ പരിശോധിക്കും. കടുവയ്ക്ക് ഇര തേടാൻ ശേഷിയുണ്ട് എന്ന് ഉറപ്പായാൽ വനത്തിനുള്ളിൽ തുറന്നുവിടും.

tiger trapped in forest dept cage at idukki
Author
First Published Oct 5, 2022, 8:13 AM IST

ഇടുക്കി: ഒരുമാസമായി ഇടുക്കിയിലെ നയ്മക്കാട് എസ്റ്റേറ്റിനും പരിസരത്തും ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവില്‍ കെണിയിലായി. കഴിഞ്ഞ ദിവസം  വനം വകുപ്പിന്‍റെ കെണിയിൽ കുടുങ്ങിയ കടുവ നെയ്മക്കാട് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന കടുവ തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കടുവയെ മൂന്നാറിലെ വനം വകുപ്പ് ഓഫീസ്  പരിസരത്തേക്ക് മാറ്റി. വെറ്റിനറി സർജൻ അടങ്ങിയ വിദഗ്ധസംഘം  ഇന്ന് സ്ഥലത്തെത്തി കടുവയെ പരിശോധിക്കും. ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തുന്നത്. കടുവയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കുകയാണ് ലക്ഷ്യം.

കടുവയ്ക്ക് ഇര തേടാൻ ശേഷിയുണ്ട് എന്ന് ഉറപ്പായാൽ വനത്തിനുള്ളിൽ തുറന്നുവിടും. ഇതോടെ നയ്മക്കാട്ടെ കടുവഭീതി പൂർണ്ണമായും ഒഴിവാക്കാമെന്നാണ് വനംവകുപ്പ്  എന്ന് വനം വകുപ്പ് പറയുന്നത്. അതേസമയം  കടുവയുടെ കാഴ്ചയ്ക്ക് പ്രശ്നമുണ്ട്  എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. പരിശോധനയിലൂടെയേ ഇക്കാര്യം വ്യക്തമാകൂ. മൂന്നാർ രാജമലയില്‍ ഇറങ്ങിയ കടുവ കഴിഞ്ഞ ദിവസം  നെയ്‍മക്കാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നെയമക്കാട് നാലിടങ്ങളില്‍  കടുവയ്ക്കായി കൂടുവെച്ചിരുന്നു. നൂറില്‍ അധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്ത് വന്നിരുന്നത്.

ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവ ഒരു മാസത്തിനിടെ നിരവധി മൃഗങ്ങളെയാണ് കൊന്നൊടുക്കിയത്. തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന മൃഗങ്ങളെ കൂട്ടമായി കടിച്ചു കൊല്ലുന്നത് മൂന്നാറില്‍ ഇതാദ്യമായിരുന്നു. നെയ്‍മക്കാട് ഈസ്റ്റ് ഡിവിഷനില്‍ രണ്ടു ദിവസത്തിനിടെ 13 പശുക്കളാണ് കടുവയുടെ ആക്രമണത്തിനിരയായത്. ഇതില്‍ പത്തെണ്ണവും ചത്തിരുന്നു. രണ്ട് ദിവസം മുമ്പ് ഇടുക്കിയിലെ നയമക്കാട് എസ്‌റ്റേറ്റില്‍ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന അഞ്ച് കറവപശുക്കളെ കടുവ ആക്രമിച്ച് കൊന്നിരുന്നു. പളനിസ്വാമി -മാരിയപ്പന്‍ എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രകോപിതരായ തൊഴിലാളികള്‍ പശുക്കളെ കാണാനെത്തിയ വനപാലകരെ തടഞ്ഞുവെയ്ക്കുകയും ചത്ത പശുക്കളുമായി റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

മൃഗങ്ങളെ പിടികൂടുന്നതിന് പുറമെ കടുവയുടെ ആക്രമണം ഭയന്ന്  തൊഴിലാളികള്‍ക്ക് തോട്ടങ്ങളില്‍ ജോലിയ്ക്ക് ഇറങ്ങാനും സാധിക്കുന്നുണ്ടായിരുന്നില്ല.  ഇതോടെ ജനങ്ങള്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രിയില്‍ പെരിയവരയില്‍ റോഡരുകില്‍ വാഹന യാത്രികര്‍ കടുവയെ കണ്ടെത്തിയിരുന്നു. ഇതിന് പുറമെയാണ് കടലാറില്‍, മേയാന്‍ വിട്ട പശുവിന് നേരെ, കടുവയുടെ ആക്രമണം ഉണ്ടായത്. പശുവിന്റെ കാലിന് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റു.  

പരാതികളേറിയതോടെ കടുവയെ പിടികൂടാനായി വനം വകുപ്പ് കെണിയൊരുക്കി. കഴിഞ്ഞ ദിവസം  നെയ്മക്കാട്  സ്ഥാപിച്ച കെണിയില്‍ കടുവ കുരങ്ങിയതോടെ പ്രദേശവാസികളും ആശ്വാസത്തിലാണ്. അതേസമയം എവിടേക്ക് കടുവയെ തുറന്നുവിടുമെന്നതില്‍ വനം വകുപ്പിന് ആശങ്കയുണ്ട്. കടുവയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ സ്വയം ഇരതേടാനുള്ള ശേഷി ഉണ്ടോ എന്ന് സംശയാണ്. മൂന്നാറില്‍ ജനവാസ മേഖലയായതിനാല്‍ തന്നെ അതിനോട് ചേര്‍ന്നുള്ള കാട്ടില്‍ തുറന്ന് വിട്ടാല്‍ കടുവ വീണ്ടും നാട്ടിലിറങ്ങുമോ എന്നും ആശങ്കയുണ്ട്.

Read More : കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Follow Us:
Download App:
  • android
  • ios