
മാനന്തവാടി. ഒന്നരമാസമായി തുടരുന്നു പനവല്ലിയിലെ കടുവാപ്പേടി ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം വീടിനകത്തേക്കും കടുവ കയറിയതോടെ, മയക്കുവെടിവച്ച് പിടിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് കൂടൊരുക്കി വനംവകുപ്പ് കാത്തിരിക്കുന്നുണ്ടെങ്കിലും കൂട്ടിലൊഴികെ എല്ലായിടത്തും കടുവ എത്തുന്നുണ്ട്. വനം വകുപ്പ് കെണിയും വച്ച് കാത്തിരിക്കുമ്പോഴാണ് നാട്ടിലൂടെ കടുവയുടെ വിലസൽ തുടരുന്നത്.
കഴിഞ്ഞ ദിവസം പട്ടിയെ പിന്തുടര്‍ന്നാണ് ആളുള്ള വീട്ടിലേക്ക് കടുവ എത്തിയത്. പട്ടിയെ ഓടിച്ച് വന്നപ്പോഴാണ് പുഴക്കര ഊരിലെ കയമയുടെ വീട്ടിലാണ് കടുവ എത്തിയത്. ഭാഗ്യംകൊണ്ടാണ് ആളപായം ഉണ്ടാകാത്തതെന്ന് വീട്ടുകാര്‍ പറയുമ്പോഴും സംഭവത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. കയമയുടെ ഭാര്യയുടെ തലക്കുമുകളിലൂടെയാണ് കടുവ അകത്തേക്ക് ചാടിപോയത്. കടുവയുടെ അലര്‍ച്ചകേട്ട് വീടിന് അകത്തുണ്ടായിരുന്ന മകന്‍ വാതിലിന് പിന്നില്‍ ഒളിക്കുകയായിരുന്നു.
ഇവരുടെ ഇളയമകന്‍ മച്ചിന് മുകളിലേക്ക് കയറിയെന്നും അതുകൊണ്ടാണ് മക്കള്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും കയമ പറയുന്നത്. പുറത്ത് കെണിയൊരുക്കി കാത്തിരുക്കുമ്പോഴാണ് കടുവ വീട്ടിലെത്തിയത്. വനപാലകർ നാട്ടുകാരുടെ സഹായത്തോടെ, വ്യാപക തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും കടുവ ശല്യം ഒഴിവാക്കാനായിട്ടില്ല. പ്രദേശത്താകെ ക്യാമറ ട്രാപ്പുകൾ വച്ചിട്ടുണ്ടെങ്കിലും പതിയുന്നത് അപൂർവമായി മാത്രമാണ്.
കടുവയെ മയക്കുവെടിവച്ച് പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോയൽ ദിവസങ്ങൾക്ക് മുമ്പ് കടുവയെ മയക്കുവെടി വയ്ക്കാൻ അനുമതി നേടി മുഖ്യ വനപാലകന് കത്ത് എഴുതിയിരുന്നു. പക്ഷേ, ഇതുവരെ അനുമതി കിട്ടിയിട്ടില്ല. നടപടികൾ വൈകിയാൽ വലിയ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ നൽകുന്ന താക്കീത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam