
കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽ പാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു. ആര്യങ്കാവിനും ഭഗവതീപുരത്തിനും ഇടയിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. പാലക്കാട് നിന്നും തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞു വന്ന ട്രെയിൻ കടുവയെ തട്ടുകയായിരുന്നു.
ചെങ്കോട്ട - ഭഗവതിപുരം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള ജനവാസ മേഖലക്ക് തൊട്ടടുത്തുള്ള മാവിൻ തോട്ടത്തിൽ നിന്നാണ് കടുവ എത്തിയതെന്നാണ് കരുതുന്നത്. സംഭവത്തെ തുടർന്ന് കുറച്ച് നേരം ട്രെയിൻ സ്ഥലത്ത് നിർത്തിയിട്ടിരുന്നു. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് ആർ പി എഫും തെങ്കാശി ജില്ല ഫോറസ്റ്റ് ഓഫീസർ രാജ്മോഹന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ട്രാക്കിൽ നിന്നും കടുവയുടെ ജഡം നീക്കം ചെയ്തു. തുടർന്നാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്. തമിഴ്നാട് വനം വകുപ്പിന്റെ നേതൃത്വത്തിൽ കടുവയുടെ പോസ്റ്റ്മോർട്ടം നടത്തി. ഇത്തരത്തിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ റെയിൽവേ ട്രാക്കിലും പരിസരത്തും വന്യമൃഗങ്ങളെത്തുന്നത് ട്രാക്ക് പരിശോധനയ്ക്ക് എത്തുന്ന ജീവനക്കാരിലും ആശങ്ക ഉയർത്തുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam