1995-ൽ തൃശൂരിൽ നടന്ന മാർത്ത കൊലക്കേസിലെ പ്രതി കൃഷ്ണകുമാർ 30 വർഷത്തിന് ശേഷം പിടിയിലായി. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ യു.പിയിലും പിന്നീട് കൊല്ലത്തും ഒളിവിൽ കഴിയുകയായിരുന്നു.
തൃശൂര്‍: 1995ല്‍ നടന്ന കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 30 വര്‍ഷത്തിനുശേഷം പിടിയില്‍. തൃശൂര്‍ നഗരത്തെ ഞെട്ടിച്ച മാര്‍ത്ത കൊലക്കേസിലെ പ്രതി ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കൃഷ്ണകുമാറാണ് പിടിയിലായത്. കൊലപാതകം നടക്കുമ്പോള്‍ പ്രതിക്ക് 18 വയസായിരുന്നു പ്രായം. ചാലക്കുടി സ്വദേശി പ്രസാദ് (19) ആയിരുന്നു കൂട്ടുപ്രതി. സ്വര്‍ണം അപഹരിക്കുന്നതിനായിരുന്നു പ്രതികള്‍ കൊലപാതകം നടത്തിയത്. കൃത്യത്തിന് പിന്നാലെ അറസ്റ്റിലായ കൃഷ്ണകുമാര്‍ താമസിയാതെ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
കോടതി ലോങ് പെന്റിങ് വാറന്റ് പുറപ്പെടുവിച്ചിട്ട് 30 വര്‍ഷത്തോളമായി. അന്വേഷണം നടന്നിരുന്നെങ്കിലും ഇയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടെ തൃശൂര്‍ മേഖല ഡി.ഐ.ജിയുടെ നിര്‍ദേശപ്രകാരം സിറ്റി പോലീസ് കമ്മിഷണര്‍ നകുര്‍ ആര്. ദേശ്മുഖ്, തൃശൂര്‍ എ.സി.പി. ടി.ആര്. രാജേഷ്, ഈസ്റ്റ് സി.ഐ. നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിക്കുകയായിരുന്നു. 2022 മുതല്‍ കേസ് നോക്കിയിരുന്ന പോലീസുകാരും വെസ്റ്റ് എസ്.ഐ. ആദര്‍ശും പോലീസുകാരായ ഷനോജ്, ഹരീഷ്, ദീപക്, അജ്മല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അന്വേഷണത്തില്‍ ഇയാള്‍ പേരിലും മറ്റും ചെറിയ മാറ്റം വരുത്തി യു.പിയിലെ മീററ്റില്‍ ഒളിവില്‍ കഴിയുന്നതായി സൂചന കിട്ടി. തുടര്‍ന്ന് അന്വേഷണ സംഘം മീററ്റിലെത്തി. അവിടെ നടത്തിയ അന്വേഷണത്തില്‍ 15 വര്‍ഷം മുമ്പ് കൊല്ലം സ്വദേശിനിയായ യുവതിയെ കല്യാണം കഴിച്ച് ഇയാള്‍ കേരളത്തിലേക്ക് മടങ്ങിയതായി വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഭാര്യയും കുട്ടികളുമായി വെല്‍ഡിങ് ജോലിയുമായി കുണ്ടറയില്‍ കഴിയുകയാണണെന്ന് വ്യക്തമായി. യു.പിയില്‍നിന്ന് മടങ്ങിയ സംഘം കൊല്ലത്ത് എത്തി വെല്‍ഡിങ് പണിയില്‍ ഏര്‍പ്പെട്ടിരുന്ന ഇയാളെ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു.






