കഴുത്തില്‍ പരിക്കേറ്റ കടുവ ഒടുവില്‍ കൂട്ടിലായി; പുല്‍പ്പള്ളിയില്‍ നിന്ന് രക്ഷപ്പെട്ടത് ഒന്നരമാസം മുമ്പ്

By Web TeamFirst Published Mar 1, 2021, 11:06 PM IST
Highlights

ഗുണ്ടറ റേഞ്ചില്‍ ഉള്‍പ്പെട്ട വനത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് ഏഴ് വയസ്സുള്ള കടുവ അകപ്പെട്ടത്. പരിക്കുള്ളതിനാല്‍ ചികിത്സക്കായി മൈസുരുവിലെ കൂറഗള്ളി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 

കല്‍പ്പറ്റ: പുല്‍പ്പള്ളി വനമേഖലയില്‍ വെച്ച് വാച്ചര്‍മാരെ ആക്രമിക്കുകയും വളര്‍ത്തുമൃഗങ്ങളെ വകവരുത്തുകയും ചെയ്ത പെണ്‍കടുവ കഴുത്തില്‍ പരിക്കേറ്റ നിലയില്‍ കര്‍ണാടകയുടെ വനത്തിനുള്ളില്‍ വെച്ച് കൂട്ടിലായി. അവശയായ കടുവയുടെ ശല്യം ഇല്ലാതായതോടെ ഇത് ചത്തെന്ന് കരുതിയിരിക്കുകയായിരുന്നു വയനാട്ടിലെ ഉദ്യോഗസ്ഥര്‍. എന്നാല്‍ കടുവ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തില്‍ സ്ഥാപിച്ച കെണിയില്‍ അകപ്പെടുകയായിരുന്നു. 

ഗുണ്ടറ റേഞ്ചില്‍ ഉള്‍പ്പെട്ട വനത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് ഏഴ് വയസ്സുള്ള കടുവ അകപ്പെട്ടത്. പരിക്കുള്ളതിനാല്‍ ചികിത്സക്കായി മൈസുരുവിലെ കൂറഗള്ളി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഏകദേശം ഒന്നരമാസം മുമ്പ് പരിക്കേറ്റ നിലയില്‍ വയനാട്ടിലെ കാടുകളില്‍ കണ്ട കടുയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിനിടെ വാച്ചര്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. വയനാടന്‍ വനമേഖലയില്‍ നിന്ന് രക്ഷപ്പെട്ട് കേരള-കര്‍ണാടക അതിര്‍ത്തി വനത്തില്‍ സഞ്ചരിച്ചിരുന്ന കടുവയെ കുറച്ചുദിവസമായി കര്‍ണാടകയിലെ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ച് വരികയായിരുന്നു. 

പരിക്കേറ്റതിനാല്‍ ഇരതേടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ചികിത്സ ലഭിച്ചില്ലെങ്കില്‍ കടുവയുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന സ്ഥിതിയായതോടെയാണ് വനംവകുപ്പ് കെണിയൊരുക്കിയത്. വയനാട്ടിലായിരുന്നപ്പോള്‍ വനാതിര്‍ത്തിഗ്രാമങ്ങളിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നു. മയക്കുവെടിവെച്ച് പിടികൂടാനുളള ശ്രമത്തിനിടെ വയനാട്ടിലെ മൂന്ന് വനപാലകര്‍ക്ക് പരിക്കേറ്റിരുന്നു. 

പരിക്കേല്‍ക്കുന്നതും പ്രായാധിക്യം വന്നതുമായ കടുവകളാണ് കൂടുതലായും ഇത്തരത്തില്‍ നാട്ടിലെത്തി മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നത്. ഇക്കാരണത്താല്‍ കടുവയെ പിടികൂടണമെന്ന് വനം ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ദിവസങ്ങളോളം വയനാട്ടില്‍ കെണിയൊരുക്കിയെങ്കിലും കടുവയെ കാണാതാവുകയായിരുന്നു. 

അവശയായി ഭക്ഷണം കിട്ടാതെയോ മറ്റോ ചത്തുപോയിരിക്കാം എന്ന നിഗമനത്തിലിരിക്കെയാണ് കര്‍ണാടകയില്‍ കൂട്ടിലകപ്പെട്ടത്. ഇരുമ്പ് കേബിളിലോ വയറിലോ നിര്‍മ്മിച്ച കുരുക്കില്‍ അകപ്പെട്ടതോ മറ്റു കടുവകളുമായി ഏറ്റുമുട്ടിയതോ ആയിരിക്കാം കഴുത്തിലെ മുറിവിന് കാരണമെന്നാണ് കരുതുന്നത്. ജനവാസ പ്രദേശങ്ങളിലേക്ക് വന്യമൃഗങ്ങള്‍ എത്താതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ശാശ്വതമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
 

click me!