വളര്‍ത്തുനായയെ കടുവ കൊന്നു; മുന്നില്‍ പെട്ട തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു

By Web TeamFirst Published May 9, 2019, 7:13 PM IST
Highlights

നായയുടെ ജഡത്തിനരികിൽ എത്തിയപ്പോഴാണ് തേയില തോട്ടത്തിൽ നിന്നും കടുവ എടുത്തു ചാടിയത്. ഇതോടെ കൃഷ്ണസ്വാമി മാനേജരുടെ ബംഗ്ളാവിലേക്ക് ഓടി രക്ഷപ്പെട്ടു

ഇടുക്കി. തെന്മല എസ്റ്റേറ്റിൽ വളർത്തുനായയെ കൊന്ന കടുവയുടെ മുൻപിൽ പെട്ട തൊഴിലാളി ഓടി രക്ഷപ്പെട്ടു. തെന്മല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ കൃഷ്ണസ്വാമി (58) ആണ് കടുവയുടെ മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

തെന്മല എസ്റ്റേറ്റ് ഫാക്ടറി സീനിയർ മാനേജർ റിനോജ് ജോണിന്‍റെ അഞ്ചുവയസുള്ള ലാബ്രഡോർ ഇനത്തിൽ പെട്ട നായയെയാണ് കടുവ കൊന്നത്. തിങ്കളാഴ്ച വെളുപ്പിന് രണ്ടു മണിക്ക് നായയുടെ കരച്ചിൽ കേട്ടെങ്കിലും മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യമുള്ളതിനാൽവീട്ടുകാർ പുറത്തിറങ്ങിയില്ല. അതിരാവിലെ ജോലിക്കെത്തിയ കൃഷ്ണസ്വാമി നായ്ക്കുട് ഇരുന്ന സ്ഥലത്ത് ചെന്നെങ്കിലും കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ 200 മീറ്റർ ദൂരത്തായി നായ്ക്കുടും, സമീപത്തെ തേയില തോട്ടത്തിൽ നായയുടെ ജഡം കണ്ടെത്തി.

കൂട് അടിച്ചു തകർത്ത ശേഷമാണ് കടുവ, നായയെ കൊന്നത്. ഈ വിവരം കൃഷ്ണസ്വാമി റിനോജ് ജോണിനെ വിളിച്ചറിയിച്ച ശേഷം നായയുടെ ജഡത്തിനരികിൽ എത്തിയപ്പോഴാണ് തേയില തോട്ടത്തിൽ നിന്നും കടുവ എടുത്തു ചാടിയത്. ഇതോടെ കൃഷ്ണസ്വാമി മാനേജരുടെ ബംഗ്ളാവിലേക്ക് ഓടി രക്ഷപ്പെട്ടു. ബംഗ്ളാവിന് മുൻപിൽ നിന്നിരുന്ന റിനോജും കടുവയെ നേരിട്ടു കണ്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തുകയും കടുവയെ പിടിക്കാനായി കൂട് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

click me!