
കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയത്ത് വീണ്ടും കടുവയുടെ സാനിധ്യം. കഴിഞ്ഞ ദിവസം വൈകീട്ടോടെ ഡാം സൈറ്റ് റോഡില്‍ വെച്ചാണ് വനംവകുപ്പ് വാച്ചര്‍മാര്‍ നടന്ന് പോകുന്ന കടുവയെ കണ്ടത്. റിസര്‍വോയറിന്റെ സമീപത്തെ വനത്തില്‍ കടുവയുടെ സാനിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കക്കയം ഡാം റിസര്‍വോയറില്‍ കടുവയെ കണ്ടത്. കെഎസ്ഇബി, ഡാം സേഫ്റ്റി ജീവനക്കാര്‍ മുമ്പും പലതവണ ഈ മേഖലകളില്‍ കടുവയെ നേരില്‍ കണ്ടിട്ടുണ്ട്. സമീപത്തെ വനത്തിലേക്ക് കടുവ കയറി പോയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണം സീസണ്‍ ആയതിനാല്‍ ഡാം സൈറ്റ് മേഖല സന്ദര്‍ശിക്കാന്‍ നിരവധി വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. മേഖലയില്‍ കാവല്‍ ശക്തമാക്കി സഞ്ചാരികളുടെ സുരക്ഷ അധികൃതര്‍ ഉറപ്പ് വരുത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.