
കോഴിക്കോട്: അനധികൃതമായി മണല്‍ കടത്താനുള്ള ശ്രമത്തിനിടെ ഇതിനായി കൊണ്ടുവന്ന ടിപ്പര്‍ ലോറി പിടികൂടി. കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ പള്ളിക്കടവില്‍ നിന്നാണ് പൊലീസ് ലോറി കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചാലിയാര്‍ പുഴയില്‍ നിന്ന് വന്‍തോതില്‍ അനധികൃതമായി മണല്‍ കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാവൂര്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ വിജയന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിക്കടവില്‍ എത്തിയപ്പോള്‍ ടിപ്പര്‍ ലോറി പുഴയിലേക്ക് ഇറക്കിവെച്ച നിലയിലായിരുന്നു. പൊലീസിനെ കണ്ടപാടെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മണല്‍ കയറ്റിയിരുന്ന തൊഴിലാളികള്‍ തോണിയിലും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ലോറി പിന്നീട് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. എസ്‌ഐ വിഎം രമേശ് എഎസ്‌ഐ സുബൈദ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ മനാഫ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.